ഷവർമയെ ചൊല്ലി കഫേയിൽ കയറി മർദനം; മൂന്ന് ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്
text_fieldsകൊടുങ്ങല്ലൂർ: ഷവർമയെ ചൊല്ലി കഫേയിൽ കയറി മർദനം. പരിക്കേറ്റ കോതപറമ്പ് സെൻററിൽ പ്രവർത്തിക്കുന്ന കഫേ കാലിഫോർണിയ ഉടമ, പാർട്ട്ണർ മർഷാദ്, ഭാര്യയും കഫേയിലെ ജീവനക്കാരിയുമായ ജസ്ന എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടവിലങ്ങ് സ്വദേശികളായ മൂന്നുപേരാണ് മർദിച്ചത്. ഓർഡർ ചെയ്ത ഷവർമ യഥാസമയം ലഭിച്ചില്ലെന്നും പറഞ്ഞ എണ്ണം ഉണ്ടായില്ലെന്നും ആരോപിച്ചായിരുന്നു അതിക്രമം. അതേസമയം, ഓർഡർ നൽകിയ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടും മനഃപൂർവം പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നും കഫേ ഉടമ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കാരായ മൂന്നുപേർക്കെതിരെ മതിലകം പൊലീസ് കേസെടുത്തു. ഇതിനിടെ അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനും കേസെടുത്തു. സ്ഥലത്ത് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് കാവലും ഉണ്ടായിരുന്നു.