മതിലകത്ത് സാഹോദര്യ പോരാട്ടം
text_fieldsകൊടുങ്ങല്ലൂർ: മതിലകം ഗ്രാമപഞ്ചായത്തിലെ ബിജു-ബൈജുമാർ തമ്മിലുള്ള പോരാട്ടത്തിന് രക്തബന്ധമൊന്നും തടസ്സമല്ല. പഞ്ചായത്ത് 16ാം വാർഡിലാണ് സഹോദരന്മാർ തമ്മിലുള്ള പോരാട്ടം. കൂളിമുട്ടം ഏറംപുരക്കൽ പരേതനായ കുട്ടെൻറയും മാളുവിെൻറയും മക്കളായ ഇരുവരും മത്സ്യബന്ധന മേഖലയുമായി അടുത്ത ബന്ധമുള്ളവരുമാണ്. 8കാരനായ ബിജു സി.പി.എം സ്ഥാനാർഥിയും 43 വയസ്സുള്ള ബൈജു കോൺഗ്രസ് സ്ഥാനാർഥിയുമാണ്.
പാപ്പിനിവട്ടം സഹകരണ ബാങ്ക് പ്രസിഡൻറായ ബിജു സി.പി.എം കൂളിമുട്ടം പൊക്ലായ് ബ്രാഞ്ച് സെക്രട്ടറിയും ജനസേവന സംഘടനയായ 'പൊക്ലായ് കൂട്ടായ്മ'യുടെ ഭാരവാഹിയുമാണ്. ബൈജു മത്സ്യത്തൊഴിലാളി കോൺഗ്രസ് കയ്പമംഗലം േബ്ലാക്ക് പ്രസിഡൻറ്, കോൺഗ്രസ് മതിലകം മണ്ഡലം വൈസ് പ്രസിഡൻറ്, കൂളിമുട്ടം മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇതുവരെ കോൺഗ്രസ് ജയിക്കാത്ത പൊക്ലായ് വാർഡ് പിടിക്കാനുള്ള ദൗത്യമാണ് പാർട്ടി ബൈജുവിനെ ഏൽപിച്ചിരിക്കുന്നത്.
എന്നാൽ, കൂടുതൽ മികവോടെ നിലനിർത്താനുള്ള ദൗത്യമാണ് ബിജുവിെൻറ ചുമലിൽ. ഇരുവരുടെയും മാതാവ് കൊടുങ്ങല്ലൂരിലെ പ്രമുഖ സി.പി.എം നേതാവായിരുന്ന എം.എ. വിജയെൻറ പിതൃസഹോദരിയാണ്. ആശയങ്ങളും വികസന കാഴ്ചപ്പാടുകളും തമ്മിലുള്ള ഏറ്റുമുട്ടൽ വ്യക്തിപരമാവില്ലെന്നും ആരോഗ്യപരമായിരിക്കുമെന്നും ഇരുവരും പറയുന്നു.