കുഴൂരിൽ ബി.ജെ.പി പ്രവർത്തകർക്ക് കുത്തേറ്റു
text_fieldsമാള: മാള കുഴൂരിൽ ബി.ജെ.പി പ്രവർത്തകർക്ക് കുത്തേറ്റു. ബി.ജെ.പി മാള മണ്ഡലം സെക്രട്ടറി അനിൽ ആദിത്യൻ (40), ധനിൽ ഉത്തമൻ (39), ബെന്നി തോമസ് (35) എന്നിവർക്കാണ് കുത്തേറ്റത്. സി.പി.എം അനുഭാവിയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. സംഭവത്തിൽ സുജിത്ത് ജോസ് (40) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച പുലർച്ചയാണ് സംഭവം നടന്നത്. ഇതിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. യുവമോർച്ച സ്ഥാപിച്ച ഫ്ലക്സ് ബോർഡിനെ ചൊല്ലി ഇരു വിഭാഗവും കലഹിച്ചതായി നാട്ടുകാർ പറയുന്നു.
സംഘർഷം ഒഴിവാക്കാനായി വ്യാഴാഴ്ച പൊലീസ് ഉദ്യോഗസ്ഥർ ഇരുവിഭാഗം നേതാക്കളുമായി ചർച്ച നടത്തി.
കുഴൂരിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ്, ലോക്കൽ കമ്മിറ്റി അംഗം പാറപ്പുറം പുഷ്പന്‍റെ വീട് എന്നിവക്കു നേരെ കല്ലേറുണ്ടായി. പ്രദേശത്തെ സി.പി.എമ്മിന്‍റെ കൊടികൾ വ്യാപകമായി നശിപ്പിച്ച നിലയിലാണ്.
അഷ്ടമിച്ചിറയിലും കൊടികൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.