ബി.ജെ.പി സംസ്ഥാന നേതൃത്വവും എൽ.ഡി.എഫ് സ്ഥാനാർഥിയും സമ്മർദം ചെലുത്തി; കൊടുങ്ങല്ലൂരിൽ ഉമേഷ് ചള്ളിയിൽ പത്രിക പിൻവലിച്ചു
text_fieldsഉമേഷ് ചള്ളിയിൽ
കൊടുങ്ങല്ലൂർ (തൃശൂർ): സമ്മർദങ്ങൾ അതിജീവിക്കാനാകാതെ മുൻ എം.എൽ.എ ഉമേഷ് ചള്ളിയിൽ മത്സരമോഹം ഉപേക്ഷിച്ചു. സ്വതന്ത്രനായി മത്സരിക്കാൻ ഉമേഷ് നൽകിയ പത്രിക തിങ്കളാഴ്ച ഉച്ചയോടെ പിൻവലിച്ചു. സംസ്ഥാന പ്രസിഡൻറ് ഉൾപ്പെടെ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം നേരിട്ട് വിളിച്ചതിന് പുറമെ മണ്ഡലം നേതാക്കൾ ഉൾപ്പെടെ ഉമേഷുമായി ബന്ധപ്പെട്ടു. കൂടാതെ എൽ.ഡി.എഫ് സ്ഥാനാർഥിയും കുടുംബാംഗങ്ങളും ബന്ധപ്പെട്ടിരുന്നതായി ഉമേഷ് പറഞ്ഞു.
എല്ലാവരും സുഹൃത്തുക്കളാണെന്നും ഈ സാഹചര്യത്തിലാണ് പിൻവാങ്ങാൻ തീരുമാനിച്ചതെന്നും ബി.ജെ.പിക്കാരനായി തുടരുമെന്നും ഉമേഷ് കൂട്ടിച്ചേർത്തു. 2001ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ പ്രഫ. മീനാക്ഷി ത തമ്പാനെ തോൽപിച്ച് എം.എൽ.എയായ ഉേമഷ് ചള്ളിയിൽ അടുത്ത രണ്ട് തെരഞ്ഞെടുപ്പുകളിലും തോൽക്കുകയായിരുന്നു. പിന്നീട് തെൻറ പാർട്ടിയായ ജെ.എസ്.എസ് വിട്ട് സി.പി.ഐയിൽ ചേർന്നെങ്കിലും അവിടെ വേണ്ടത്ര പരിഗണന കിട്ടിയില്ല.
പിന്നീട് ബി.ജെ.പിയിലേക്ക് കൂടുമാറിയ ഉമേഷ് ആഗ്രഹം പ്രകടിപ്പിച്ചിട്ടും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തയാറായില്ല. ഇതിനെതിരായ പ്രതിഷേധം കൂടിയായായിരുന്നു ഉമേഷിെൻറ സ്ഥാനാർഥിത്വം. ഉമേഷ് മത്സരിക്കുന്നത് ബി.ജെ.പിയൊടൊപ്പം എൽ.ഡി.എഫിനും ദോഷകരമാകുമെന്നും യു.ഡി.എഫിന് ഗുണമാകുമെന്നും വിലയിരുത്തലുണ്ടായിരുന്നു.