ബി.ജെ.പി അവിശ്വാസം: യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം -എൽ.ഡി.എഫ്
text_fieldsകൊടുങ്ങല്ലൂർ: എൽ.ഡി.എഫ് നേതൃത്വം നൽകുന്ന കൊടുങ്ങല്ലൂർ നഗരസഭ ഭരണത്തിനെതിരെ ബി.ജെ.പി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ കൗൺസിലിലെ ഏക കോൺഗ്രസ് അംഗമായ ജോണി പിന്തുണക്കുമെന്ന പ്രസ്താവനയുടെ സാഹചര്യത്തിൽ യു.ഡി.എഫും കോൺഗ്രസും നിലപാട് വ്യക്തമാക്കണമെന്ന് ഇടത് മുന്നണി ആവശ്യപ്പെട്ടു.
വർഗീയ ഫാഷിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട സാഹചര്യത്തിൽ രാജ്യത്ത് കലാപം സൃഷ്ടിക്കാൻ നോക്കുന്ന ബി.ജെ.പിയുമായി കൈകോർക്കുന്നത് അപഹാസ്യമാണെന്നും മതനിരപേക്ഷ നിലപാടുള്ള നഗരത്തിലെ ജനങ്ങളും ഈ കൂട്ടുകെട്ടിനെതിരെ രംഗത്ത് വരണമെന്നും സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. അബീദലി, സി.പി.ഐ സെക്രട്ടറി സുഭാഷ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ നിലപാടിനെതിരെ 18ന് നടക്കുന്ന മനുഷ്യച്ചങ്ങല അടക്കമുള്ള പരിപാടികൾ വിജയിപ്പിക്കാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്നും നേതാക്കൾ അഭ്യർഥിച്ചു.