കൊടുങ്ങല്ലൂർ നഗരസഭയിൽ ബി.ജെ.പി അവിശ്വാസ നോട്ടീസ്
text_fieldsകൊടുങ്ങല്ലൂർ: പ്രഖ്യാപിച്ച് അധികം കഴിയും മുമ്പേ കൊടുങ്ങല്ലൂർ നഗരസഭ ഭരണത്തിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. നഗരസഭ ചെയർപേഴ്സൺ എം.യു. ഷിനിജക്കും വൈസ് ചെയർമാൻ കെ.ആർ. ജൈത്രനുമെതിരെ നഗരകാര്യ റീജിയണൽ ഡയറക്ടർ മുമ്പാകെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.
നഗരസഭ കൗൺസിലിലെ അഭിപ്രായസ്വാതന്ത്ര്യ നിഷേധവും ബൈപാസ് തെരുവുവിളക്ക് പ്രമേയത്തിന് അവതരണാനുമതി നൽകാത്തതും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പാർലമെന്ററി ലീഡർ ടി.എസ്. സജീവൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, ശിവറാം എന്നിവരുടെ നേതൃത്വത്തിൽ നോട്ടീസ് നൽകിയത്.
പ്രമേയം 14 ദിവസത്തിനകം ചർച്ചക്കെടുക്കുമെന്നാണ് വിവരം. 44 അംഗ നഗരസഭ കൗൺസിലിൽ എൽ.ഡി.എഫ്-22, ബി.ജെ.പി-21, കോൺഗ്രസ്-1 എന്നിങ്ങനെയാണ് കക്ഷിനില. ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കാത്തതുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിനെതിരെ ഏക കോൺഗ്രസ് അംഗം വി.എം. ജോണി സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടിൽ കണ്ണും നട്ടാണ് മുഖ്യമായും ബി.ജെ.പിയുടെ നീക്കം.