കുന്നംകുളത്ത് ബൈക്ക് മോഷണം പെരുകുന്നു; ഒരാഴ്ചക്കുള്ളിൽ നഷ്ടപ്പെട്ടത് മൂന്നെണ്ണം
text_fieldsകുന്നംകുളം: കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും ബൈക്ക് മോഷണ സംഘം വിലസുന്നു. ഒരാഴ്ചക്കിടെ മൂന്ന് ബൈക്കുകളാണ് മോഷണം പോയത്. അതിൽ രണ്ടെണ്ണം മോഷണം പോയത് ശനിയാഴ്ചയാണ്. ഡിയോ, സ്‌പ്ലെന്‍ഡര്‍, യമഹ ബൈക്കുകളാണ് വിവിധ സ്ഥലങ്ങളില്‍നിന്ന് മോഷണം പോയത്.
മോഷണത്തിന് പിന്നില്‍ രണ്ടു യുവാക്കളാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. കുന്നംകുളം തുറക്കുളം മാര്‍ക്കറ്റിനു സമീപത്തുനിന്നും ഭാവന റോഡില്‍നിന്നും പെരുമ്പിലാവ് കൊരട്ടിക്കര കെ.ആര്‍ ഹോട്ടലിനു മുന്നില്‍നിന്നുമാണ് ബൈക്കുകള്‍ മോഷണം പോയത്. ഒരാഴ്ച മുമ്പാണ് ആദ്യ ബൈക്ക് നഷ്ടപ്പെട്ടത്. കുന്നംകുളം ബൈജു റോഡിൽ സ്വകാര്യ വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടറും നഷ്ടപ്പെട്ടതിൽ ഉൾപ്പെടുന്നു. രണ്ട് യുവാക്കള്‍ സ്കൂട്ടറിനു സമീപം അല്‍പസമയം നില്‍ക്കുകയും കുറച്ചു സമയത്തിനുള്ളില്‍ ഈ സ്കൂട്ടറുകള്‍ എടുത്ത് പോകുന്നതിന്‍റെയും ദൃശ്യമാണ് സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുള്ളത്. സമാന സംഭവങ്ങളാണ് പെരുമ്പിലാവിലും കുന്നംകുളം ഭാവന റോഡിലും ഉണ്ടായത്. ഈ സംഘം ബൈക്കിൽ പഴഞ്ഞി മേഖലയിൽ വീടുകൾ കേന്ദ്രീകരിച്ച് എത്തിയിരുന്നതായും അറിയുന്നു. കുന്നംകുളം പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.