അഴീക്കോട് മുനമ്പം പാലം നിർമാണ നടപടികൾ മുടന്തുന്നു; സമരസമിതി പ്രക്ഷോഭത്തിന്
text_fieldsകൊടുങ്ങല്ലൂർ: സാംസ്കാരിക ജില്ലയായ തൃശൂരിനെയും വ്യവസായ ജില്ലയായ എറണാകുളത്തേയും ബന്ധിപ്പിക്കുന്ന അഴീക്കാട് മുനമ്പം പാലം നിർമിതിക്കായി ടെൻഡർ ഉറപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പണി ആരംഭിക്കാത്തതിനെതിരെ സമരസമിതി പ്രക്ഷോഭത്തിറങ്ങുന്നു.
വർഷങ്ങൾക്കുമുമ്പ് രൂപം കൊണ്ട സമര സമിതി ഒരുഭാഗത്ത് ജനകീയ പ്രക്ഷോഭവും മറുഭാഗത്ത് നീതിന്യായ കോടതി വഴിയുള്ള പോരാട്ടവുമായി സമര രംഗത്താണ്. ഫിഷറീസിന്റെ അഴീക്കോടുള്ള ഭൂമി അപ്രോച്ച് റോഡിനായി പി.ഡബ്ല്യൂ.ഡിക്ക് കൈമാറാൻ കാലതാമസം ഉണ്ടാകുമെന്നാണ് സമര സമിതി ഹൈകോടതിയിൽ നൽകിയ ഹരജിയിൽ തൃശൂർ ജില്ല കലക്ടർ പറയുന്നത്.
ടെൻഡർ വിളിച്ചിട്ടും ധനകാര്യ വകുപ്പ് കരാർ കമ്പനിയുമായി ഒപ്പിട്ടിട്ടില്ല. സാമ്പത്തിക അനുമതിയും നൽകിയിട്ടില്ല. നിർമാണം തടയണമെന്നാവശ്യപ്പെട്ട് ബോട്ട് ഉടമകളുടെ സംഘടന ഹൈകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാലം പണി അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചത്.
ഇതിന്‍റെ ഭാഗമായി സമരസമിതിയുടെ നേതൃത്വത്തിൽ 22ന് ബൈക്ക് റാലി നടത്തും. വൈകീട്ട് നാലിന് പടിഞ്ഞാറെ വെമ്പല്ലൂർ അസ്മാബി കോളജ് പരിസരത്തുനിന്ന് തുടങ്ങുന്ന റാലി അഴിക്കോട് ജെട്ടിയിൽ സമാപിക്കും. റാലിയോടനുബന്ധിച്ചുള്ള സമ്മേളനം ഗാന്ധിയൻ ഇസാബിൻ അബ്ദുൽ കരീമും സമാപനം വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാറും ഉദ്ഘാടനം ചെയ്യും.