കടൽതീര പഞ്ചായത്തുകളിലും കാട്ടുപന്നികളുടെ ആക്രമണം
text_fieldsകൊടുങ്ങല്ലൂർ: തീരദേശ മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണം പതിവാകുന്നു. തീരദേശത്തിന് തീരെ പരിചിതമല്ലാത്ത ഈ ജീവികൾ കൃഷിയിടങ്ങളിലാണ് മുഖ്യമായും ആക്രമണം നടത്തുന്നതും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതും.
എടവിലങ്ങ് പഞ്ചായത്തിന്റെ ആറാം വാർഡിൽ കഴിഞ്ഞ രാത്രിയിൽ പുറത്തിറങ്ങിയ കാട്ടുപന്നികൾ കൂവ കൃഷി നശിപ്പിച്ചു. എടവിലങ്ങ് ഹയർ സെക്കൻഡറി സ്കൂളിന് വടക്ക് രാമൻ കുളത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അടിയിരുത്തി ബാബുവിന്റെ വീട്ടുവളപ്പിൽ പലയിടങ്ങളിലായി നട്ടുപിടിപ്പിച്ച വിളവെടുക്കാനായ കൂവയാണ് നശിപ്പിച്ചത്. മുൻപും ഇവരുടെ വീട്ടുവളപ്പിൽ പന്നികളെത്തിയിരുന്നുവത്രെ. പ്രദേശത്ത് വാഹനയാത്രക്കാർ ഈ ജീവിയെ കാണാറുള്ളതായി പറയുന്നു.
ഇതോട് ചേർന്ന എസ്.എൻ പുരം പഞ്ചായത്തിന്റെ അതിരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കാടാണ് കാട്ടുപന്നികളുടെ വാസകേന്ദ്രമെന്നാണ് അധികൃതർ കരുതുന്നത്. എസ്.എൻ. പുരം പഞ്ചായത്തിലെ പല വാർഡുകളിലും ഈയിടെയായി കാട്ടുപന്നികളുടെ ആക്രമണവും വാഴ കൃഷി ഉൾപ്പെടെ നശിപ്പിക്കലും ഉണ്ടായിട്ടുണ്ട്.
ഇവിടെനിന്നാണ് തൊട്ടടുത്ത എടവിലങ്ങിലേക്കും പന്നികൾ കടക്കുന്നതെന്ന് കരുതുന്നു. 2018ലെ വെള്ളപ്പൊക്ക വേളയിൽ കനോലി കനാൽ വഴി ഒഴുകിയെത്തിയാണ് കാട്ടുപന്നി എസ്.എൻ. പുരം പഞ്ചായത്തിൽ അകപ്പെട്ടതെന്നാണ് അധികൃതരുടെ അനുമാനം. പിന്നീട് വർധിച്ചതായും കരുതുന്നു. കൂവ കൃഷി നശിപ്പിച്ച എടവിലങ്ങിലെ വീട്ടുവളപ്പ് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാധാകൃഷ്ണൻ, വാർഡ് മെമ്പർ സുരഭി സുമൻ, കൃഷി ഓഫിസർ ഗ്രേഷ്മ തുടങ്ങിയവർ സന്ദർശിച്ചു. ബന്ധപ്പെട്ട ഓഫിസുകളും വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് കാട്ടുപന്നികളുടെ ശല്യം ഒഴിവാക്കാൻ നടപടി കൈക്കൊള്ളുമെന്ന് കൃഷി ഓഫിസർ പറഞ്ഞു.