കെ.ടി.ഡി.സി ജോലി തട്ടിപ്പ്; വ്യാജ ഇന്റർവ്യൂചെയ്തയാൾ പിടിയിൽ
text_fieldsശരത്ത് എന്ന വിനീഷ്
കൊടുങ്ങല്ലൂർ: കെ.ടി.ഡി.സിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം മണ്ണൂർക്കര കോട്ടൂർ മണ്ണുകുഴിപുത്തൻ വീട്ടിൽ ശരത്ത് എന്ന വിനീഷിനെ (38) ആണ് മതിലകം പൊലീസ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി ഷാനി എന്ന കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പൊരിബസാർ പടിഞ്ഞാറ് പൂതോട്ടപറമ്പ് കാട്ടുപറമ്പിൽ ഷാനീറിനെ 2025 മേയ് നാലിന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീനാരായണപുരം
പനങ്ങാട് പള്ളിനട സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ മകൻ നിഹാന് കെ.ടി.ഡി.സിയിൽ അസി. മാനേജരായി ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ പല തവണകളിലായി 19 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഷാനീർ ജോലി നൽകാനെന്ന വ്യാജേന നിഹാനെ തിരുവനന്തപുരം തമ്പാനൂരിലെ കെ.ടി.ഡി.സി ഹോട്ടലിലേക്ക് കൊണ്ടുപോയി പ്രതികൾ മുറിയെടുത്ത് താമസിച്ചിരുന്നു. തുടർന്ന് മുറിയിൽ വ്യാജ അഭിമുഖം നടത്തിയിരുന്നു.
ഷാനീറിന്റെ നിർദേശപ്രകാരം കെ.ടി.ഡി.സി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ വിനീഷാണ് നിഹാന്റെ അഭിമുഖം നടത്തിയത്. വിനീഷ് തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചക്കേസിലും ഓച്ചിറ പൊലീസ് സ്റ്റേഷനിൽ അടിപിടിക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മതിലകം സർക്കിൾ ഇൻസ്പെക്ടർ വി.വി. വിമൽ, എസ്.ഐ നെസിയ എം. സാഹിബ്, എസ്.ഐ സഞ്ജയ്, ജി.എസ്.ഐ മുഹമ്മദ് റാഫി, എ.എസ്.ഐ വഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

