പണം കിട്ടാത്തതിനെ ചൊല്ലി തർക്കം; ഹോട്ടലുടമയുടെ മൂക്കിടിച്ച് തകർത്തു
text_fieldsകൊടുങ്ങല്ലൂർ: എസ്.എൻ. പുരം പള്ളിനടയിൽ ഗൂഗിൾ പേയിൽ പണം കിട്ടാത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഹോട്ടലുടമയുടെ മൂക്കിടിച്ച് തകർത്തു. പള്ളിനട സെന്ററിന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ബാംഗ്ലൂർ വാല കഫേ ഉടമ പതിയാശേരി മുവ്വപാടം സ്വദേശി പുല്ലാനി സുബൈർ (58)നാണ് മർദനമേറ്റത്. ആക്രമണത്തിൽ മുഖത്ത് മറ്റിടങ്ങളിലും പരിക്കുണ്ട്. സാരമായി പരിക്കേറ്റ സുബൈറിനെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വാങ്ങാനെത്തിയ ചിലരാണ് അക്രമിച്ചത്. ഭക്ഷണം വാങ്ങിയ ശേഷം ഗൂഗിൾ പേയിലൂടെ അയച്ച പണം കിട്ടാത്തതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. മതിലകം പൊലീസ് രണ്ടുപേർക്കെതിരെ കേസെടുത്തു.

