കൊടുങ്ങല്ലൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട; അരക്കോടിയുടെ എം.ഡി.എം.എ പിടിച്ചു
text_fieldsകൊടുങ്ങല്ലൂർ: അരക്കോടിയിലധികം വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. ചേർപ്പ് വെങ്ങിണിശ്ശേരി സ്വദേശിയും തൃശൂർ കുറ്റൂരിൽ താമസക്കാരനുമായ കൊടപ്പുള്ളി വീട്ടിൽ അർജുൻ (29), പാറളം അമ്മാടം സ്വദേശി വെട്ടിയാട്ടിൽ വീട്ടിൽ മനു (30) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരൂപടന്ന വിയ്യത്ത് കുളത്തിനടുത്ത് നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിലെത്തിയ അർജുന്‍റെ കൈയിൽനിന്ന് 620 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. വസ്ത്രങ്ങൾക്കൊപ്പം ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. അർജുനെ ചോദ്യം ചെയ്തതിൽനിന്നാണ് കേസിലെ പ്രധാന പ്രതിയായ മനുവിനെ കൂടി പിടികൂടിയത്. യുവാക്കൾക്ക് മയക്കുമരുന്നുകൾ വാങ്ങാൻ ഉയർന്ന പലിശക്ക് പണം കടം കൊടുക്കുന്നയാളാണ് മനുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെ പറ്റിയും പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും കുറിച്ച് പൊലീസ് അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബ്രിജുകുമാർ, എസ്.ഐ സുജിത്ത്, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ പി.സി. സുനിൽ, എസ്.ഐ സന്തോഷ്, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, ടി.ആർ. ഷൈൻ, ബിജു ജോസ്, സീനിയർ സി.പി.ഒമാരായ ലിജു ഇയ്യാനി, മിഥുൻ ആർ. കൃഷ്ണ, എം.എസ്. സംഗീത്, സി.പി.ഒമാരായ അരുൺനാഥ്, എ.ബി. നിഷാന്ത്, കെ.ജെ. ഷിന്‍റോ, നിഖിൽ എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും ഇതിനകം പലവട്ടം മയക്കുമരുന്ന് വേട്ട നടന്നു.