അംബേദ്കർ ഗ്രാമം പദ്ധതി; കയ്പമംഗലം മണ്ഡലത്തിൽ രണ്ട് കോടിയുടെ നവീകരണം
text_fieldsകൊടുങ്ങല്ലൂർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം കയ്പമംഗലം നിയോജക മണ്ഡലത്തിൽ മതിലകം പഞ്ചായത്തിലെ പൊന്നാംപടി പട്ടികജാതി കോളനിയിലും പെരിഞ്ഞനം പഞ്ചായത്തിലെ എസ്.പി പട്ടികജാതി കോളനിയിലുമായി രണ്ട് കോടിയുടെ നവീകരണം നടപ്പാക്കും.
കോളനി വാസികളുടെ പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയിൽ റോഡുകൾ, കുടിവെള്ള സൗകര്യങ്ങൾ, മാലിന്യ സംസ്കരണം, കാനനിർമാണം, വീട് അറ്റകുറ്റപ്പണി തുടങ്ങിയവ നടപ്പാക്കും.
കോളനിവാസികൾ ആവശ്യപ്പെടുന്ന വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ അറിയിച്ചു. പ്രാഥമിക ആലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ സീനത്ത് ബഷീർ, വിനിത മോഹൻദാസ്, ജില്ല പഞ്ചായത്ത് അംഗം സുഗത ശശീധരൻ, ബ്ലോക്ക് അംഗം കെ.എ. കരീം, വാർഡ് മെംബർമാരായ ഷീല, നാസർ, രാജു, പി. ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.