കട അടിച്ചുതകർത്ത പ്രതി റിമാൻഡിൽ
text_fieldsമുഹമ്മദ് അമീൻ
കൊടുങ്ങല്ലുർ: പുല്ലൂറ്റ് കെ.കെ.ടി.എം കോളജ് ജങ്ഷനിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അത്തറുകട അടിച്ചുതകർത്ത സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. കരൂപ്പടന്ന തെക്കുംകര മാക്കാംതറ മുഹമ്മദ് അമീനാണ് (23) അറസ്റ്റിലായത്.
പ്രതിയെ കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര പോകുന്നതിനിടയിലേക്ക് ബൈക്ക് കയറ്റാൻ ശ്രമിച്ചത് ചോദ്യം ചെയ്ത തൊട്ടടുത്ത കടക്കാർക്ക് നേരെയാണ് സംഘം ആക്രമണം നടത്തിയത്.
പുളിമൂട്ടിൽ സലീമിന്റെ അത്തറുകടയാണ് അടിച്ചുതകർത്തത്. 80,000 രൂപയുടെ നഷ്ടമാണുണ്ടായത്. തൊട്ടടുത്ത് ഹോട്ടൽ നടത്തുന്ന ചക്കനാട്ട് ഉണ്ണികൃഷ്ണന്റെ കടയിൽനിന്നാണ് സംഘം കത്തിയെടുത്ത് കുത്താൻ ശ്രമിച്ചത്. കേസിൽ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐ എൻ.പി. ബിജു, എസ്.സി.പി.ഒമാരായ ഗിരീഷ് വാവക്കാട്, ഗോപകുമാർ, സുനിൽകുമാർ എന്നിവരാണ് അന്വേഷണം നടത്തുന്നത്.