അമ്പതോളം മോഷണക്കേസുകളിലെ പ്രതി വീണ്ടും പിടിയിൽ
text_fieldsഫൈസൽ
കൊടുങ്ങല്ലൂർ: അമ്പതോളം മോഷണക്കേസുകളിലെ പ്രതിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് കാര സ്വദേശി പ്ലാക്കൽ വീട്ടിൽ ഫൈസലാണ് (49) മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജിയുടെയും സംഘത്തിന്റെയും പിടിയിലായത്. ശ്രീനാരായണപുരത്ത് ഹോട്ടലിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ 17ന് ആല 26ൽ പ്രവർത്തിക്കുന്ന ഹരിശ്രീ ഹോട്ടൽ കുത്തിത്തുറന്നാണ് ഇയാൾ മോഷണം നടത്തിയത്. 2500 രൂപയും കടയിലുണ്ടായിരുന്ന ക്ഷേത്രങ്ങളിലേക്കുള്ള വഴിപാട് ഭണ്ഡാരങ്ങളുമാണ് കവർന്നത്. ഹോട്ടലിന് തൊട്ടടുത്ത സി.സി ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മുമ്പ് മതിലകം, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നടന്ന ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ്. എസ്.ഐമാരായ രമ്യ കാർത്തികേയൻ, ശ്രീലാൽ, ഉണ്ണികൃഷ്ണൻ, പൊലീസുകാരായ ഉദയകുമാർ, രാഹുൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.