എടവിലങ്ങിൽ അപകട പരമ്പര: സൈക്കിൾ യാത്രികനെ ലോറിയിടിച്ച് കാനയിലിട്ടു
text_fieldsഎടവിലങ്ങിൽ അപകടമുണ്ടാക്കിയ ലോറി വൈദ്യുതി കാലും ബൈക്കും തകർത്ത നിലയിൽ
കൊടുങ്ങല്ലൂർ: എടവിലങ്ങിൽ അപകടപരമ്പര ഉണ്ടാക്കിയ ലോറി നിർത്താതെ പോയി. ഗുരുതര പരിക്കേറ്റ സൈക്കിൾ യാത്രികനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 11ഓടെ നാഷനൽ പെർമിറ്റ് ലോറിയാണ് അപകടമുണ്ടാക്കിയത്. എടവിലങ്ങ് സർവിസ് സഹകരണ സംഘത്തിന് സമീപം വൈദ്യുതി കാൽ തകർത്ത ലോറി ബൈക്കിനേയും ഇടിച്ചു. കുഞ്ഞൈനി ഭാഗത്താണ് സൈക്കിൾ യാത്രികനെ ഇടിച്ച് കാനയിൽ ഇട്ടത്.
ഗുരുതര പരിക്കേറ്റ കാര ചെറുകൊക്കുവായിൽ ദിലീപിനെയാണ് (45) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടുങ്ങല്ലൂരിൽ കടയടച്ച് വീട്ടിലേക്ക് വരുകയായിരുന്നു ദിലീപ്. ലോറിയിടിച്ച ബൈക്ക് യാത്രികൻ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ, ബൈക്ക് തകർന്നു. ലോറിയെക്കുറിച്ച് വിവരം ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.