ദുരന്തത്തിലേക്ക് ചുവടുവെച്ച് പുല്ലൂറ്റ് പാലത്തിലെ ദ്രവിച്ച പൈപ്പ്
text_fieldsപുല്ലൂറ്റ് പാലത്തിലെ ദ്രവിച്ച പൈപ്പ്
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പാലത്തിന്റെ കൈവരിയുടെ അടിയിൽ ഇരുമ്പ് പൈപ്പ് ദ്രവിച്ച് പൊട്ടി പൊളിഞ്ഞത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഒന്നര മാസം മുൻപാണ് പൈപ്പ് പൊട്ടി പൊങ്ങി നിൽക്കുന്ന നിലയിൽ അപകടാവസ്ഥ രൂപപ്പെട്ടത്. ബസ്സുകളും മറ്റ് വലിയ വാഹനങ്ങളും കടന്നു പോകുന്നതിനിടെ അരിക് ഒതുങ്ങുമ്പോൾ ഇതിനിടയിൽപ്പെടുന്നവർക്ക് മുറിവേൽക്കുന്നത് പതിവായി. ടെലഫോൺ കേബിൾ ഉൾപ്പടെ കേബിളുകൾ ഒന്നിച്ച് കൊണ്ടുപോയിരുന്ന മൂന്നര ഇഞ്ച് വ്യാസമുള്ള പൈപ്പ് ആണ് കാലപഴക്കത്താൽ തുരുമ്പെടുത്ത് പൊട്ടി പൊങ്ങി നിൽക്കുന്നത്. പ്രഭാത യാത്രക്കാരായ ചിലർക്കാണ് ഇരുമ്പ് കൊണ്ട് മുറിവുകൾ ഉണ്ടായത്. അപകടങ്ങൾ ഏറുന്നതിന് മുമ്പ് പൈപ്പുകൾ മാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് കൊടുങ്ങല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ അധികൃതരോട് ആവശ്യപ്പെട്ടു.

