അറിവും ആനന്ദവും പകർന്ന് ഒരു ചാർട്ടേഡ് ആനവണ്ടി യാത്ര
text_fieldsകൊടുങ്ങല്ലൂർ: അറിവും ആനന്ദവും പകർന്ന് ഒരു ചാർട്ടേഡ് ആനവണ്ടി യാത്ര. പുല്ലൂറ്റ് എ.കെ.അയ്യപ്പൻ - സി.വി.സുകുമാരൻ വായനശാലയുടെ നേതൃത്വത്തിൽ ചരിത്ര-പഠന വിനോദ യാത്രയുടെ ഭാഗമായ യാത്ര മലക്കപ്പാറയിലേക്കായിരുന്നു. കെ.എസ്.ആർ.ടി.സി. കൊടുങ്ങല്ലൂർ ഡിപ്പോയിൽ നിന്നും ആദ്യമായി ചാർട്ടേർഡ് സർവ്വീസ് ആയി നടത്തിയ യാത്ര കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മുസ്താക്ക് അലി പുല്ലൂറ്റ് ചാപ്പാറയിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
പൊതുമേഖലയെ സംരക്ഷിക്കുന്നതോടൊപ്പം വിദ്യാർഥികൾക്ക് പ്രകൃതിയെയും വനസംരക്ഷണത്തെ പറ്റിയും അറിവ് നൽകുന്നതായിരുന്നു യാത്ര. " ആനവണ്ടിയുമായി ആരണ്യകത്തിലേക്ക് " - 'അടച്ചിടലിന് ശേഷം അടുത്തറിയാൻ' എന്നതായിരുന്നു വായനശാല ഈ പരിപാടിയിലൂടെ ഉദ്ദേശിച്ചിരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
യാത്രയുമായി ബന്ധപ്പെട്ട് പങ്കെടുത്ത കുട്ടികൾ എല്ലാവരും യാത്രാനുഭവ കുറിപ്പുകൾ തയ്യാറാക്കും. അതോടൊപ്പം യാത്രയിൽ മൊബെലിൽ എടുത്ത ചിത്രങ്ങൾക്കായി ഫോട്ടോഗ്രാഫി മത്സരവും നടത്തും. യാത്രക്ക് മുസ്താക്ക് അലി, പി.എൻ.വിനയചന്ദ്രൻ , എൻ.എ.എം.അഷറഫ്, ടി.വി. സബിത, സ്വപ്ന സുകുമാർ , കെ.എ.രാജൻ, കെ.എം.മോഹനൻ, പി.എസ്.ശീർഷ എന്നിവർ നേതൃത്വം നൽകി.
കെ.എ.അനൂപാണ് യാത്രയുടെ കോ-ഓർഡിനേറ്റർ ആയി പ്രവർത്തിച്ചത്. കൊടുങ്ങല്ലൂർ ഡിപ്പോയിൽ നിന്നും എല്ലാ ഞായറാഴ്ചകളിലും മലക്കപ്പാറയിലേക്ക് ഒരു ചാർട്ടേർഡ് സർവ്വീസ് നടത്തണമെന്ന് പുല്ലൂറ്റ് എ.കെ.അയ്യപ്പൻ - സി.വി.സുകുമാരൻ വായനശാല കേരള സർക്കാരിനോടും കെ.എസ്.ആർ.ടി.സി.യോടും ആവശ്യപ്പെടുന്ന ഒരു നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു.