17.7 കോടി രൂപ കുടിശ്ശിക; കൊടുങ്ങല്ലൂർ നഗരസഭക്ക് വാട്ടർ അതോറിറ്റി നോട്ടീസ്
text_fieldsകൊടുങ്ങല്ലൂർ: 17.7 കോടി രൂപ വെള്ളക്കരം കുടിശ്ശിക അടക്കാൻ കൊടുങ്ങല്ലൂർ നഗരസഭക്ക് വാട്ടർ അതോറിറ്റിയുടെ നോട്ടീസ്. വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട ഡിവിഷനാണ് നോട്ടീസ് നൽകിയത്. പലിശ ഉൾപ്പെടെ ആകെ കുടിശ്ശിക 40 കോടിയിലേറെ വരും. ഇത് വൺ ടൈം സെറ്റിൽമെൻറിലൂടെ 17.7 കോടി അടച്ചാൽ മതി. കുടിശ്ശിക അടച്ചില്ലെങ്കിൽ ജപ്തി നടപടി സ്വീകരിക്കുമെന്ന് കാണിച്ച് വാട്ടർ അതോറിറ്റി നഗരസഭക്ക് കത്ത് നൽകിയതായും അറിയുന്നു.
നിലവിൽ 729 പൊതു ടാപ്പുകളുടെ വെള്ളക്കരമാണ് നഗരസഭ അടക്കുന്നത്. ഒരു ടാപ്പിന് 21,839 രൂപ നിരക്കിൽ 13,26,719 രൂപയാണ് പ്രതിമാസം നൽകേണ്ടത്. ഈ വർഷം ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ വെള്ളക്കരം ഇനത്തിൽ 39,80,157 രൂപ നഗരസഭ അടച്ചിട്ടുണ്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിലെ ബില്ലും മുൻകാല കുടിശ്ശികയും ചേർത്താണ് കോടികളുടെ കണക്ക്.
പൊതു ടാപ്പുകളുടെ എണ്ണം സംബന്ധിച്ച് നഗരസഭയും വാട്ടർ അതോറിറ്റിയും തമ്മിൽ തർക്കമുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് സംയുക്ത പരിശോധന നടത്തി തീർപ്പാക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതരുടെ ആവശ്യം ഇനിയും നടപ്പായിട്ടില്ല. വാട്ടർ അതോറിറ്റിയുടെ കൊടുങ്ങല്ലുർ സെക്ഷനിൽനിന്നാണ് നഗരസഭ മേഖലയിൽ കുടിവെള്ള വിതരണം നടത്തുന്നത്.

