കൊടകരയില്‍ പെണ്‍തൊഴിലിടം ഉയരുന്നു
text_fieldsആദ്യഘട്ടം നിര്‍മാണം പൂര്‍ത്തിയാകുന്ന ഷീ വര്‍ക്ക് സ്പേസ് പദ്ധതിയുടെ കെട്ടിടം
കൊടകര: വനിതകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ തൊഴിലിടം ഒരുക്കാനുള്ള കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ വര്‍ക്ക് സ്പേസ് പദ്ധതിയുടെ നിര്‍മാണം കൊടകര വല്ലപ്പാടിയില്‍ പുരോഗമിക്കുന്നു. ജില്ല പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഈ സംരംഭം നടപ്പാക്കുന്നത്.
വനിതകള്‍ക്കായി കേരളത്തില്‍ ആദ്യമായി നടപ്പാക്കപ്പെടുന്നതാണ് പെണ്‍തൊഴിലിടം പദ്ധതി. ഉൽപാദനം, ഐ.ടി, ആരോഗ്യ മേഖല, വനിത യുവ സംരംഭകത്വം, വിദ്യാഭ്യാസം, പരിശീലനം, വ്യാപാരം എന്നിവയെല്ലാം ഒരു കുടക്കീഴിലാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദേശീയപാതയോട് ചേര്‍ന്ന് കൊടകര വല്ലപ്പാടിയിലുള്ള ഒരു ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തിയാണ് 28.95 കോടി രൂപ ചെലവില്‍ ഷീ വര്‍ക്ക് സ്പേസ് നിര്‍മിക്കുന്നത്.
83,390 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അഞ്ച് നിലകളിലായാണ് കെട്ടിടം നിര്‍മിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. 10.35 കോടി രൂപ വിനിയോഗിച്ചാണ് ആദ്യഘട്ടം നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. 32,260 ചതുരശ്ര അടിയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്.
രണ്ടാംഘട്ടമായി 18.6 കോടി രൂപ ചെലവില്‍ 47,130 ചതുരശ്ര അടിയും പൂര്‍ത്തിയാക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ വനിത ഘടക പദ്ധതി വിഹിതമായ ഒരുകോടി, ജില്ല പഞ്ചായത്ത് വിഹിതമായ നാലുകോടി, വിവിധ ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായ 55 ലക്ഷം, ജില്ല ആസൂത്രണ സമിതി ഇന്‍സെന്റിവ് ഗ്രാന്റായി അനുവദിച്ച അഞ്ചുകോടി, സംസ്ഥാന സര്‍ക്കാര്‍, കെ ഡസ്ക്, ലീപ് എന്നിവയില്‍നിന്നുമുള്ള വിഹിതം എന്നിവ ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ഷീ വര്‍ക്ക് സ്പേസ് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 200 പേര്‍ക്കും രണ്ടാംഘട്ടത്തില്‍ 598 പേര്‍ക്കും ഉള്‍പ്പെടെ 798 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാകും. 400 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. നിര്‍മാണമേഖലയില്‍ 48,000 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും.

