നായാട്ടുകുണ്ടില്‍ വന്യജീവി ശല്യം വര്‍ധിക്കുന്നു
text_fieldsവെള്ളിക്കുളങ്ങര-നായാട്ടുകുണ്ട് റോഡില്‍ സോളാര്‍വേലി തകര്‍ന്ന നിലയില്‍
കൊടകര: വെള്ളിക്കുളങ്ങര-നായാട്ടുകുണ്ട് റോഡില്‍ വന്യജീവി ശല്യം വര്‍ധിക്കുന്നു. നായാട്ടുകുണ്ട് ഭാഗത്ത് സോളാര്‍വേലി തകര്‍ന്ന ഭാഗത്തുകൂടിയാണ് വന്യജീവികള്‍ റോഡിലേക്കെത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. വെള്ളിക്കുളങ്ങരക്കും നായാട്ടുകുണ്ടിനും ഇടയില്‍ പഴയ ഫോറസ്റ്റ് ട്രാംവേയുടെ ഭാഗമായുള്ള ഗുഹ എന്നറിയപ്പെടുന്ന ഭാഗത്ത് സോളാര്‍വേലി തകര്‍ന്നിട്ട് നാളുകളായെങ്കിലും ഇതുവരെ അറ്റകുറ്റപ്പണി നടന്നിട്ടില്ല.
ഉള്‍വനത്തില്‍നിന്ന് കാട്ടുപോത്ത്, കാട്ടാന എന്നിവയടക്കമുള്ള വന്യമൃഗങ്ങള്‍ റോഡിലേക്കിറങ്ങുന്നത് ഗുഹ വഴിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു
ഈ ഭാഗത്ത് പലപ്പോഴും യാത്രക്കാര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാകാറുണ്ട്. ചൊക്കന എസ്റ്റേറ്റിലേക്ക് ജോലിക്ക് പോകുന്ന തോട്ടം തൊഴിലാളികള്‍ പുലര്‍ച്ചെ സമയങ്ങളില്‍ ഇതുവഴിയാണ് സഞ്ചരിക്കുന്നത്.
കാരിക്കടവ് ആദിവാസി ഉന്നതിയില്‍ നിന്നുള്ള വിദ്യാര്‍ഥികളും ചൊക്കന, നായാട്ടുകുണ്ട് പ്രദേശങ്ങളിലെ വിദ്യാര്‍ഥികളും ഈ റോഡിലൂടെയാണ് വെള്ളിക്കുളങ്ങരയിലും മറ്റു പ്രദേശങ്ങളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്നത്.
യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് തകര്‍ന്ന സോളാര്‍വേലികള്‍ അറ്റകുറ്റപ്പണി നടത്തി വന്യജീവികളെ പ്രതിരോധിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

