ടാപ്പിങ് തൊഴിലാളി കാട്ടാനക്ക് മുന്നില്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsആനയെ കണ്ട് ഷുഹൈബ് വഴിയിലുപേക്ഷിച്ച ബൈക്ക്
കൊടകര: ഹാരിസന് പ്ലാന്റേഷനില്‍ പുലര്‍ച്ചെ ടാപ്പിങ്ങിനെത്തിയ തോട്ടം തൊഴിലാളി കാട്ടാനക്ക് മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയായ ഷുഹൈബാണ് മരണത്തിൽ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.
തോട്ടത്തിനുള്ളിലെ വഴിയിലൂടെ ബൈക്കില്‍ വരുന്നതിനിടെയാണ് ആനയുടെ മുന്നില്‍ അകപ്പെട്ടത്. കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നതിനാല്‍ തൊട്ടടുത്തെത്തിയപ്പോഴാണ് വഴിയില്‍ ആന നില്‍ക്കുന്നത് കണ്ടത്. ഉടന്‍ ബൈക്ക് ഉപേക്ഷിച്ച് ഷുഹൈബ് ഓടി. പുറകെ എത്തിയ ആന തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും തലനാരിഴക്ക് ജീവന് തിരിച്ചുകിട്ടുകയായിരുന്നു.
ഹാരിസന് മലയാളം പ്ലാന്റേഷന് കീഴിലെ തോട്ടങ്ങളില്‍ വന്യജീവികളെ ഭയന്നാണ് തൊഴിലാളികള്‍ ജോലിചെയ്യുന്നത്. ജീവന് പണയം വെച്ചാണ് പലരും പുലര്‍ച്ചെ ടാപ്പിങ്ങിന് എത്തുന്നത്. റോഡില്‍ പലയിടത്തും വഴിവിളക്കുകള്‍ ഇല്ലാത്തതും ഡിസംബറിലെ കനത്ത മൂടല്‍മഞ്ഞും കാരണം കാട്ടാനകളടക്കം തൊട്ടുമുന്നില്‍ നിന്നാല്‍ പോലും കാണാനാകാത്ത അവസ്ഥയാണ്. റോഡില്‍ നില്ക്കുന്ന കാട്ടാനകള്‍ക്കു മുന്നില്‍ നിന്ന് ബൈക്കുപേക്ഷിച്ച് തൊഴിലാളികള്‍ ഓടിരക്ഷപ്പെടുന്നത് മേഖലയിലെ പതിവു സംഭവങ്ങളാണ്.
മേഖലയില്‍ കാട്ടാനശല്യം പതിവായതോടെ നാലോ അഞ്ചോ തൊഴിലാളികള്‍ ഒരുമിച്ചാണ് പുലര്‍ച്ചെ തോട്ടത്തില്‍ പ്രവേശിക്കുന്നത്. തൊഴിലാളികളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടും ടാപ്പിങിനുപയോഗിക്കുന്ന ഹെഡ്ലൈറ്റിന്റെ വെളിച്ചവും അടിക്കുമ്പോൾ റബര്‍മരങ്ങള്‍ക്കിടയിൽ തമ്പടിച്ച ആനകള്‍ നീങ്ങിപോകാറുണ്ടെങ്കിലും ഒറ്റയാനടക്കം ആക്രമണ സ്വഭാവമുള്ള ചില ആനകള്‍ തങ്ങള്‍ക്കു നേരെ ഓടിയടുക്കുന്നതായി തൊഴിലാളികള്‍ പറയുന്നു.
മൂന്നുവര്‍ഷം മുമ്പ് മുപ്ലിയില്‍ രാവിലെ സൈക്കിളില്‍ ടാപ്പിങ്ങിനായി വന്ന തോട്ടം തൊഴിലാളി കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനു ശേഷം നേരം പുലര്‍ന്നതിനു ശേഷമാണ് മേഖലയില്‍ തൊഴിലാളികള്‍ ടാപ്പിങിനിറങ്ങുന്നത്. തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്ക്കരികിലും പതിവായി കാട്ടാനകള്‍ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

