രാത്രി വഴിതെറ്റി കാട്ടിലലഞ്ഞ ആദിവാസി വയോധികക്ക് സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷകരായി
text_fieldsരാത്രിയില്‍ വഴിതെറ്റി കാട്ടില്‍ അലഞ്ഞ ആദിവാസി വയോധിക അമ്മിണിയെ ശാസ്താംപൂവം ഉന്നതിയില്‍ എത്തിച്ചപ്പോള്‍
കൊടകര: രാത്രിയില്‍ വഴിതെറ്റി കാട്ടിലലഞ്ഞ ആദിവാസി വയോധികക്ക് സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷകരായി. വെള്ളിക്കുളങ്ങര ശാസ്താംപൂവം കാടര്‍ ഉന്നതിയിലെ 70കാരി അമ്മിണിയാണ് സാമൂഹികപ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ മൂലം വന്യമൃഗങ്ങളുടെ ആക്രമണമേല്‍ക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം.
സാമൂഹിക പ്രവര്‍ത്തകരായ ജോബിള്‍ വടാശേരി, സുധീര്‍ വെള്ളിക്കുളങ്ങര എന്നിവര്‍ രാത്രി എട്ടുമണിയോടെ നായാട്ടുകുണ്ടില്‍നിന്ന് ബൈക്കില്‍ വെള്ളിക്കുളങ്ങരയിലേക്ക് വരുമ്പോള്‍ കാട്ടാനയടക്കമുള്ള വന്യജീവികളുടെ സ്ഥിരം സാന്നിധ്യമുള്ള നായാട്ടുകുണ്ട് ട്രാംവേ ഭാഗത്ത് വയോധികയെ കണ്ടെത്തുകയായിരുന്നു. സുധീര്‍ ഉടന്‍ ആദിവാസി ക്ഷേമപ്രവര്‍ത്തകനും മുന്‍ പഞ്ചായത്തംഗവുമായ ജോയ് കാവുങ്ങലിനെ വിവരമറിയിച്ചു. അതുവഴി വന്ന മുജീബ് എന്നയാളെ വയോധികയുടെ സമീപം നിര്‍ത്തി സുധീറും ജോബിളും വെള്ളിക്കുളങ്ങരയിലെത്തി ജോയ് കാവുങ്ങലിനെ ഒപ്പം കൂട്ടി ഓട്ടോറിക്ഷയില്‍ വയോധികക്ക് സമീപമെത്തി.
തുടര്‍ന്ന് ഇവരെ ഓട്ടോയില്‍ കയറ്റി രാത്രി ഒമ്പതോടെ ശാസ്താംപൂവം ഉന്നതിയില്‍ സുരക്ഷിതമായി എത്തിച്ചു. ശാസ്താപൂവം ഉന്നതിക്ക് കുറച്ചകലെയുള്ള പടിഞ്ഞാക്കരപാറ ഭാഗത്ത് വനവിഭമായ മഞ്ഞക്കൂവ പറിക്കാന്‍ പോയ അമ്മിണി കൂട്ടം തെറ്റിപോയ വിവരം ഒപ്പമുള്ളവര്‍ അറിഞ്ഞിരുന്നില്ല. ഇവര്‍ക്ക് ചെറിയ രീതിയില്‍ മാനസികാസ്വാസ്ഥ്യമുള്ളതായും പറയുന്നു. ഒരു വര്‍ഷം മുമ്പ് സമാനരീതിയില്‍ വഴിതെറ്റി കാട്ടില്‍ അലഞ്ഞ ശാസ്താംപൂവം ഉന്നതിയിലെ മാനസികാസ്വാസ്ഥ്യമുള്ള മീനാക്ഷി എന്ന വയോധിക ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

