കാരികുളത്ത് അവശനിലയില്‍ കണ്ടെത്തിയ ആനക്കുട്ടി ചെരിഞ്ഞു
text_fieldsകാരികുളത്ത് അവശനിലയില്‍ കണ്ടെത്തിയ ആനക്കുട്ടി
കൊടകര: അവശനിലയില്‍ കാരികുളത്ത് കണ്ടെത്തിയ ആനക്കുട്ടി ചെരിഞ്ഞു. പിച്ചവെച്ചു നടക്കാന്‍ പ്രയാസപ്പെടുന്ന അവസ്ഥയില്‍ കണ്ടെത്തിയ ഒരുമാസം മാത്രം പ്രായമുള്ള കുട്ടിക്കൊമ്പനെ രക്ഷിക്കാൻ വനപാലകര്‍ രാത്രി ഉറക്കമൊഴിച്ചിരുന്ന് പരിചരിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള കാരികുളം മൈതാനത്തിനു സമീപം ബുധനാഴ്ചയാണ് ആനക്കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. അവശനിലയിലായിരുന്ന ആനക്കുട്ടിയെ വനപാലകര്‍ താളൂപ്പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആരോഗ്യ പ്രശ്നമുള്ള ആനക്കുട്ടിയെ തള്ളയാന ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്. തള്ളയാന അടങ്ങുന്ന ആനക്കൂട്ടത്തിലേക്ക് വനപാലകര്‍ ആനക്കുട്ടിയെ വിട്ടുനോക്കിയെങ്കിലും ആനക്കൂട്ടം ഇവനെ സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് താളൂപ്പാടത്തുള്ള ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പരിചരിച്ചത്.
വനംവകുപ്പിന്റെ സെന്‍ട്രല്‍ സര്‍ക്കിളില്‍നിന്നുള്ള ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. ഡേവിഡ് എബ്രഹാം സ്ഥലത്തെത്തി ചികിത്സ നല്കി. വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസര്‍ ജോബിന് ജോസഫിന്റെ നേതൃത്വത്തില്‍ വനപാലകര്‍ മരുന്നും മറ്റും നല്കി പരിചരിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ച ഒന്നോടെ ചെരിഞ്ഞു. രാവിലെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ജഡം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം താളൂപ്പാടം വനത്തിനുള്ളില്‍തന്നെ സംസ്കരിച്ചു. ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദാര്‍ സ്ഥലത്തെത്തി.