കനത്ത മഴയിൽ കിഴുപ്പിള്ളിക്കര മുനയം ബണ്ട് തകർന്നു
text_fieldsകിഴുപ്പിള്ളിക്കര മുനയം ബണ്ട് പൊട്ടിയപ്പോൾ
കിഴുപ്പിള്ളിക്കര: കനത്ത മഴയിൽ താന്ന്യം പഞ്ചായത്തിലെ കിഴുപ്പിള്ളിക്കര മുനയം ബണ്ട് തകർന്നു. കല്ലങ്കരമാട് പ്രദേശത്ത് തീരം ഇടിയുന്നതോടെ എട്ട് കുടുംബങ്ങൾ ഭീതിയിൽ. മഴയിൽ വെള്ളം നിറഞ്ഞതോടെയാണ് താൽക്കാലിക ബണ്ട് ഇടിഞ്ഞ് തകർന്നത്. വെള്ളത്തിന്റെ കുത്തിയൊഴുക്കുമൂലം തീരം ഇടിയുകയാണ്.
കടുത്ത വേനലിൽ പുഴയിൽ ഉപ്പുവെള്ളം കയറുമ്പോഴാണ് കൃഷിയെയും കുടിവെള്ള സ്ത്രോതസ്സുകളെയും സംരക്ഷിക്കാൻ മുനയം ബണ്ട് കെട്ടുന്നത്. കാലവർഷത്തിൽ വെള്ളം ഒഴുക്കിവിടാനായി ബണ്ട് തുറക്കാറുണ്ട്.
എന്നാൽ, ഇത്തവണ അപ്രതീക്ഷിതമായി കാലവർഷം നേരത്തേ വന്നതാണ് ബണ്ട് തുറന്നുവിടാൻ കഴിയാതെ പോയത്. ന്യൂനമർദത്തെ തുടർന്നും കാലവർഷം ശക്തിപ്രാപിച്ചതും മഴ കനക്കുകയും വെള്ളം നിറയുകയും ചെയ്തതോടെ ബണ്ട് തുറന്നുവിടാനും പറ്റാത്ത അവസ്ഥയായി .
ഇതോടെയാണ് വെള്ളം നിറഞ്ഞ് ബണ്ട് പൊട്ടാൻ കാരണമായത്. മുളക്കുറ്റികളും ഓലയും കെട്ടി ചരൽ നിറച്ചാണ് ബണ്ട് ഓരോ വർഷവും ഉപ്പുവെള്ളം കയറുന്നതിൽനിന്ന് സംരക്ഷിച്ചു പോരുന്നത്. ലക്ഷങ്ങളാണ് ഓരോ വർഷവും ബണ്ട് കെട്ടാൻ ചെലവ് വരാറ്. പത്തുവർഷം മുമ്പും ഇത്തരത്തിൽ ബണ്ട് പൊട്ടിയിരുന്നു.
മുനയം സ്ഥിരം ബണ്ട് കെട്ടാൻ വർഷങ്ങളായുള്ള മുറവിളിയാണ്. ഈ ആവശ്യം ഉന്നയിച്ച് എൽ.എൽ.എ ആയിരുന്ന ഘട്ടത്തിൽ ഗീത ഗോപിയും അന്നത്തെ താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് സുശീല ടീച്ചർ, ജില്ല പഞ്ചായത്ത് അംഗം മറ്റ് ജനപ്രതിനിധികളും ബണ്ടിന് സമീപം നിരാഹാര സമരം നടത്തിയിരുന്നു.
സ്ഥിരം ബണ്ട് കെട്ടാൻ ബജറ്റിൽ വക കൊള്ളിക്കുമെന്ന ഉറപ്പിലാണ് രണ്ട് ദിവസങ്ങൾക്കുശേഷം സമരം അവസാനിപ്പിച്ചത്. എന്നാൽ, എൽ.ഡി.എഫ് സർക്കാർ വന്ന് ഒമ്പത് വർഷമായിട്ടും ബജറ്റിൽ തുക വകക്കൊള്ളിക്കുന്നതല്ലാതെ സ്ഥിരം ബണ്ട് നിർമിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

