എല്ലായിടത്തും കിയോസ്കുകൾ; കുടിവെള്ള പ്രശ്നത്തിന് പരിഹാരവുമായി തളിക്കുളം പഞ്ചായത്ത്
text_fieldsതളിക്കുളത്ത് കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് സ്ഥാപിച്ച വാട്ടർ കിയോസ്കുകളുടെ ഉദ്ഘാടനം പ്രസിഡൻറ് പി.ഐ. സജിത നിർവഹിക്കുന്നു
തളിക്കുളം: തനത് കുടിവെള്ള പദ്ധതികളുമായി തളിക്കുളം പഞ്ചായത്തിന്റെ കുതിപ്പ്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി എല്ലാ വാർഡുകളിലേക്കും വാട്ടർ കിയോസ്കുകൾ സ്ഥാപിച്ചാണ് പ്രശ്നത്തിന് പരിഹാരം കാണുന്നത്. രണ്ട് ദിവസങ്ങളിലായി 6, 10,13,15,16 വാർഡുകളിലേക്കുള്ള അഞ്ച് വാട്ടർ കിയോസ്കുകളാണ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്. കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശങ്ങളിലേക്ക് തനത് പദ്ധതികൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഒന്നിന് അഞ്ച് ലക്ഷം രൂപ വീതം അഞ്ച് കിയോസ്കുകളാണ് സ്ഥാപിക്കുന്നത്. 13 വാട്ടർ കിയോസ്ക്കുകൾ ആണ് തളിക്കുളം പഞ്ചായത്തിൽ നിലവിലുള്ളത്. 2025 - 26 വർഷത്തെ പദ്ധതി പ്രകാരം ആറ് വാട്ടർ കിയോസ്ക്കുകൾ കൂടി പുതുതായി സ്ഥാപിക്കും. ഇതിനു പുറമേ അഞ്ച് എസ്.സി ഉന്നതി കേന്ദ്രങ്ങളിലേക്ക് തനത് കുടിവെള്ള പദ്ധതികൾ അവസാന ഘട്ടത്തിലാണ്. നാല്, അഞ്ച് വാർഡുകളായ കലാഞ്ഞി, പുളിയംതുരുത്ത് മേഖലയിലേക്ക് ഒരുകോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് ഈ ഭരണസമിതി കാലത്ത് പഞ്ചായത്ത് പൂർത്തീകരിച്ചത്.
രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച വാട്ടർ കിയോസ്കുകളുടെ ഉദ്ഘാടനം തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ഐ. സജിത നിർവഹിച്ചു. വാർഡ് ആറിൽ സംഘടിപ്പിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടന ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അനിത ടീച്ചറും, വാർഡ് പത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ മനോഹരനും, വാർഡ് 13ൽ അംഗം ജീജ രാധാകൃഷ്ണനും വാർഡ് 15ൽ അംഗം ഷൈജ കിഷോറും വാർഡ് 16ൽ അംഗം ബിന്നി അറക്കലും അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങുകളിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം. മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, പഞ്ചായത്ത് അംഗങ്ങകളായ സി.കെ. ഷിജി, കെ.കെ. സൈനുദ്ദീൻ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

