കെ.ജി. ശിവാനന്ദൻ; സമര പരമ്പരകൾ വളർത്തിയ നേതാവ്
text_fieldsതൃശൂർ: സമര പരമ്പരകളിലൂടെ വളർന്നുവന്ന നേതാവാണ് സി.പി.ഐ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.ജി. ശിവാനന്ദൻ. നിലവിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളും ജില്ല സെക്രട്ടറിയുമാണ്. എ.ഐ.വൈ.എഫും എ. ഐ.എസ്.എഫും നടത്തിയ തൊഴിൽ അല്ലെങ്കിൽ ജയിൽ പ്രക്ഷോഭകാലം മുതൽ സമരരംഗത്ത് സജീവമായിരുന്ന പ്രവർത്തകനാണ് ശിവാനന്ദൻ.
എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ കാസർകോട്ടുനിന്നും കൊച്ചിയിലേക്കുള്ള കാൽനട മാർച്ചിന്റെ ക്യാപ്റ്റനായിരുന്നു. നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും നയിക്കുകയും ചെയ്തു. യൂനിയൻ ലിവർ കമ്പനിക്കുവേണ്ടി ഓഹരി വിൽപന നടത്തിയപ്പോൾ അതിനെതിരെ മോഡേൺ ബ്രഡ് കമ്പനിയിലേക്ക് നടത്തിയ സമരത്തിനു നേതൃത്വം നൽകി. സമരമുഖത്തുവെച്ച് പലതവണ പൊലീസ് മർദനത്തിനിരയായി.
ജയിൽവാസവും അനുഭവിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയായ ശിവാനന്ദൻ ബാലവേദി, വിദ്യാർഥി സംഘടന പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. എ.ഐ.വൈഎഫ് കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി, ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിച്ചു. രണ്ട് ഘട്ടങ്ങളിൽ സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയായി.
സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗവും സംസ്ഥാന കൗൺസിൽ അംഗവുമാണ്. രണ്ട് തവണ സി.പി.ഐ ദേശീയ കൗൺസിലിലും അംഗമായിരുന്നു. അപ്പോള ടയേഴ്സ് എന്ന സ്ഥാപത്തിലെ സ്വതന്ത്ര യൂനിയന്റെ പ്രസിഡന്റാണ്. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷന്റെ ചെയർമാനായിരുന്നു. കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ ചെയർമാനായി പ്രവർത്തിച്ചു. പ്രാസംഗികനും എഴുത്തുകാരനുമാണ്. മൂന്ന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ഭാര്യ കെ.ജി. ബിന്ദു (സഹകരണ ബാങ്ക് ജീവനക്കാരി). മക്കൾ: അളകനന്ദ, അഭിനന്ദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

