കേരള ഷോളയാർ ഡാമിൽ 100 ശതമാനം ജലം; ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു
text_fieldsചാലക്കുടി: മഴയെ തുടർന്ന് ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് സാധാരണ നിലയിൽ നിന്ന് ഉയർന്നു. ശനിയാഴ്ച പുഴയിലെ ജലനിരപ്പ് ആറ് മീറ്ററോളം എത്തിയിരുന്നു. പുഴ പലയിടത്തും നിറഞ്ഞൊഴുകുന്ന നിലയിലാണ്. പുഴയോര വാസികൾക്ക് ജാഗ്രത നിർദേശമുണ്ട്. അനിയന്ത്രിത സാഹചര്യം ഉള്ളതായി സൂചനയില്ല.
പെരിങ്ങൽക്കുത്തിലെ സ്ലൂയിസ് വാൽവ് കുറച്ചു ദിവസങ്ങളായി തുറന്നിട്ടുണ്ട്. പെരിങ്ങൽക്കുത്ത് റെഡ് അലർട്ടിലാണ്. 424 മീറ്റർ പൂർണ സംഭരണ ശേഷിയിലെത്തുന്ന പെരിങ്ങലിൽ ഞായറാഴ്ച വൈകീട്ട് 419.75 മീറ്റർ ആണ് ജലനിരപ്പ്. ഒന്നാം നമ്പർ സ്ലൂയിസ് വാൽവാണ് ഇപ്പോൾ തുറന്ന നിലയിൽ ഉള്ളത്. ബാക്കിയുള്ള മൂന്ന് വാൽവുകളും അടഞ്ഞുതന്നെയാണ്. ഡാമിന്റെ ഏഴ് ഷട്ടറുകളും 4.5 മീറ്ററിൽ ഉയർത്തിയ നിലയിലാണ്. അതിലൂടെ 0.32 മീറ്ററിൽ വെള്ളം ഒഴുകുന്നു.
ഡാമിൽ വെള്ളം ഉയരുകയാണെന്നാണ് സൂചന. അതേ സമയം മഴ കനത്ത രീതിയിൽ തുടരുകയാണെങ്കിൽ പെരിങ്ങൽക്കുത്തിലേക്ക് കൂടുതൽ വെള്ളം എത്താനുള്ള സാധ്യതകൾ ഉണ്ട്. ചാലക്കുടിപ്പുഴയുടെ മുകൾത്തട്ടിലെ കേരള ഷോളയാർ 100 ശതമാനം വെള്ളമെത്തി റെഡ് അലർട്ടിൽ തുടരുകയാണ്. പറമ്പിക്കുളം ഡാമും അപ്പർ ഷോളയാർ ഡാമും പൂർണമായ സംഭരണ ശേഷിയിൽ തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

