അവശതയിലും അവകാശത്തിനുവേണ്ടി; ഇത് മരുന്നിനുപോലും വകയില്ലാത്തവരുടെ അതിജീവന സമരം
text_fieldsകേരള കാർഷിക സർവകലാശാലക്കുമുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന പത്മാവതി, രാധ, ചന്ദ്രൻ, കൗസല്യ എന്നിവർ സങ്കടങ്ങൾ പങ്കുവെക്കുന്നു (ഫോട്ടോ ടി.എച്ച്. ജദീർ)
തൃശൂർ: കാർഷിക സർവകലാശാലയുടെ ഗേറ്റിനു മുന്നിലെ സമരപ്പന്തലിൽ പ്രതീക്ഷയുടെ കനലുകൾ കെടാതെ കാക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്. ചുളിവുവീണ മുഖങ്ങളിലും ക്ഷീണിച്ച ശരീരങ്ങളിലും അവർ ഒളിപ്പിച്ചുവെച്ചത് തളരാത്ത പോരാട്ടവീര്യമാണ്. രോഗങ്ങളും വാർധക്യസഹജമായ അവശതകളും മറന്ന്, അർഹതപ്പെട്ട ആനുകൂല്യങ്ങൾക്കായി ഇവർ നടത്തുന്നത് നീതിക്കായുള്ള പോരാട്ടമാണ്.
സർവകലാശാലയിൽ ഒരു ജീവിതകാലം മുഴുവൻ വിയർപ്പൊഴുക്കി, ഇന്ന് വാർധക്യത്തിന്‍റെ അവശതയിൽ അവകാശങ്ങൾക്കായി തെരുവിലിറങ്ങേണ്ടിവന്നവരാണ് അവർ. പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കേരള കാർഷിക സർവകലാശാലയിൽനിന്ന് വിരമിച്ചവരുടെ അനിശ്ചിതകാല സത്യഗ്രഹം 16ാം ദിവസത്തിലേക്കു കടന്നു. പെൻഷൻ കമ്യൂട്ടേഷൻ, ക്ഷാമാശ്വാസം, ഡി.സി.ആർ.ജി തുടങ്ങിയ ആനുകൂല്യങ്ങൾ നാലു വർഷമായി മുടങ്ങിക്കിടക്കുന്നതിനെതിരെ കേരള അഗ്രികൾചറൽ സർവകലാശാല പെൻഷനേഴ്സ് ഫോറത്തിന്‍റെ നേതൃത്വത്തിലാണ് സമരം.
വേദന കടിച്ചമർത്തി സമരപ്പന്തലിൽ
സമരപ്പന്തലിലെ ഓരോ മുഖത്തിനും പറയാനുള്ളത് അതിജീവനത്തിന്‍റെ വേദനയാണ്. 18 വർഷം മാടക്കത്ര കശുമാവിൻതോട്ടത്തിൽ സ്ഥിരംതൊഴിലാളിയായിരുന്ന എം.എ. കൗസല്യയുടെ ജീവിതം അതിനൊരു നേർസാക്ഷിയാണ്. ‘‘അന്ന് മരുന്നടിക്കുമ്പോൾ സംരക്ഷണത്തിന് ഒരു പായത്തൊപ്പി മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് വയറ്റിൽ കാൻസറാണ്, കൂടെ പ്രമേഹവും തൈറോയ്ഡുമുണ്ട്. ഭർത്താവ് മരിച്ചു, മകളുടെ കൂടെയാണ് താമസം. മരുന്ന് വാങ്ങാൻപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്’’ -കൗസല്യ പറയുന്നു.
ചിറക്കക്കോടുള്ള എൻ.വി. പത്മാവതിയും നിത്യരോഗിയാണ്. ഡോക്ടറെ കണ്ട് നേരെ സമരപ്പന്തലിലേക്ക് എത്തുകയായിരുന്നു അവർ. ‘‘ഹൃദയാഘാതം വന്ന് ഭർത്താവ് കിടപ്പിലാണ്. തുച്ഛ ശമ്പളത്തിൽ വർഷങ്ങളോളം ജോലിചെയ്ത ഞങ്ങളെപ്പോലുള്ള പാവങ്ങളെ കാണാൻ ആരുമില്ല. ആനുകൂല്യങ്ങൾ കിട്ടാതെ എത്രയോ പേർ മരിച്ചുപോയി’’ -അവർ പറയുന്നു. കൈ ഒടിഞ്ഞ് പ്ലാസ്റ്ററിട്ടാണ് രാധ എന്ന മറ്റൊരു പെൻഷനർ സമരത്തിനെത്തിയത്. കിടപ്പുരോഗികളായ സഹപ്രവർത്തകരുടെ വീടുകളിൽ എന്തു മറുപടി പറയണമെന്നറിയാതെ നിസ്സഹായയാവുകയാണെന്ന് രാധ വേദനയോടെ പറഞ്ഞു.
അധികൃതരുടെ അഹംഭാവവും ഫണ്ട് വകമാറ്റലും
സർക്കാർ പെൻഷൻകാർക്ക് നൽകേണ്ട തുക അനുവദിച്ചിട്ടും സർവകലാശാല അധികൃതർ പണം നൽകുന്നില്ലെന്നാണ് സമരക്കാരുടെ പ്രധാന ആരോപണം. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിൽ, വർഷങ്ങളായി സർവകലാശാല പ്രോവിഡന്‍റ് ഫണ്ടിൽ (പി.എഫ്) നിന്ന് പണം വകമാറ്റി ചെലവഴിച്ചതായും, ഇതുമൂലം ഫണ്ടിൽ കോടികളുടെ കുറവ് വന്നതായും വ്യക്തമായി. ഇപ്പോൾ പെൻഷൻകാർക്ക് നൽകേണ്ട തുക ഈ കുടിശ്ശികയിലേക്ക് അടച്ചുതീർക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.
വർഷങ്ങൾക്കുമുമ്പ് വിദ്യാർഥിസമരങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ് ഇപ്പോഴത്തെ വൈസ് ചാൻസലർ ഡോ. ബി. അശോക്. എന്നാൽ, ഇന്ന് അദ്ദേഹം വന്ന വഴി മറന്നിരിക്കുന്നു. പെൻഷൻകാർക്ക് ഇനി ഒരു ആനുകൂല്യവും തരില്ലെന്ന കടുംപിടിത്തത്തിലാണ് അദ്ദേഹം. കാൻസർ രോഗികളോടുപോലും കരുണ കാണിക്കാത്ത നിലപാട് ക്രൂരമാണ് -സമരക്കാർ ഒന്നടങ്കം പറയുന്നു.
സർവകലാശാലയുടെ അകത്ത് തുടങ്ങിയ സമരം, അധികൃതർ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചതിനെ തുടർന്നാണ് പുറത്തേക്ക് മാറ്റിയത്. തങ്ങളുടെ ജീവിതാവസാനം വരെയുള്ള സമ്പാദ്യം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മനുഷ്യർ ഓരോ ദിവസവും സമരപ്പന്തലിൽ ഒത്തുകൂടുന്നത്. വെള്ളിയാഴ്ച നടന്ന സമരത്തിന് പിന്തുണയുമായി കേരള സർവകലാശാലയിലെ പെൻഷൻകാരും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

