കലയുടെ കുലപതികൾക്ക് ദേശീയ അംഗീകാരം; കേന്ദ്ര പുരസ്കാര തിളക്കത്തിൽ തൃശൂർ ജില്ല
text_fields1. സി.എൽ. ജോസ് 2. മങ്ങാട് നടേശൻ 3. കലാമണ്ഡലം പ്രഭാകരൻ 4. നമ്പ്യാരത്ത് അപ്പുണ്ണി തരകൻ
തൃശൂർ: കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലക്ക് തങ്കത്തിളക്കം. കേരളത്തിൽനിന്ന് അവർഡ് നേടിയ അഞ്ച് പേരിൽ നാല് പേരും ജില്ലയുടെ സ്വന്തം. മലയാളത്തിന്റെ നാടാകാചാര്യൻ സി.എൽ. ജോസ്, ഓട്ടന്തുള്ളൽ കലാകാരൻ കലാമണ്ഡലം പ്രഭാകരൻ, കർണാടക സംഗീതജ്ഞൻ മങ്ങാട് നടേശൻ, കഥകളി ചമയ കലാകാരൻ നമ്പ്യാരത്ത് അപ്പുണി തരകൻ എന്നിവരാണ് ജില്ലയുടെ അഭിമാനമായത്.
കലാമണ്ഡലം പ്രഭാകരനും നമ്പ്യാരത്ത് അപ്പുണ്ണി തരകനും നിലവിൽ തൃശൂരിൽ അല്ലെങ്കിലും ജീവിതത്തിന്റെ ഏറിയകാലവും ജില്ലയിലാണ് ചെലവിട്ടത്. കലാമണ്ഡലം പ്രഭാകരൻ ഇപ്പോൾ കലാമണ്ഡലം ഭരണസമിതി അംഗമാണ്. കഴിഞ്ഞവർഷം പ്രഖ്യാപിച്ച അമൃത് പുരസ്കാരത്തിലും സി.എൽ. ജോസിനും മങ്ങാട് നടേശനും കലാമണ്ഡലം പ്രഭാകരനും പരിഗണിക്കപ്പെട്ടിരുന്നു.
ശതാബ്ദിയിലെത്തിയ സി.എൽ. ജോസ് മലയാളത്തിന്റെ നാടകാചാര്യനാണ്. 1956 മുതൽ നാടക ജീവിതം തുടങ്ങി. 36 സമ്പൂർണ നാടകങ്ങളും 75 ഏകാങ്കങ്ങളും നാടകലോകത്തിന് സമ്മാനിച്ച അസാമാന്യപ്രതിഭയാണ്. 60ലേറെ നാടകങ്ങൾ ആകാശവാണിയിലൂടെ ശ്രോതാക്കൾ അറിഞ്ഞു. നാടക രംഗത്തെ ആറ് പതിറ്റാണ്ടോളം നീണ്ട അനുഭവങ്ങൾ പങ്കുവെച്ച ‘നാടക രചന എന്ത്...? എന്തിന്..?’ എന്ന ഗ്രന്ഥം കോഴിക്കോട് സർകലാശാല പഠന വിഷയമാണ്. മൂന്ന് സിനിമകൾക്കും കഥയെഴുതി.
1932ൽ ചേർപ്പിൽ ജനിച്ച സി.എൽ. ജോസ് കുറിക്കമ്പനി ജീവനക്കാരനിൽനിന്നുമാണ് നാടക ലോകത്തേക്കെത്തുന്നത്. കേന്ദ്ര സഹിത്യ അക്കാദമി അവാർഡ്, സംഗീതനാടക അക്കാദമി കലാരത്ന ഫെലോഷിപ്, സംസ്ഥാന സർക്കാറിന്റെ എസ്.എൽ.പുരം നാടക പുരസ്കാരമടക്കം ഇരുപതിലധികം പുരസ്കാരങ്ങൾ തേടിയെത്തി.
കര്‍ണാടക സംഗീതജ്ഞനായ മങ്ങാട് കെ. നടേശന് ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും സി.എസ്. കൃഷ്ണയ്യരുടെയും ശിഷ്യനാണ്. ആകാശവാണിയില്‍ ടോപ്ഗ്രേഡ് ആര്‍ടിസ്റ്റായി 1991ല്‍ വിരമിച്ചു. 1989ല്‍ സംഗീത നടക അക്കാദമി അവാര്‍ഡ്, 1995ല്‍ മധുര സദ്ഗുരു സംഗീത സഭയുടെ സംഗീതകല പ്രവീണ, സംസ്ഥാന സർക്കാറിന്റെ സ്വാതി തിരുനാൾ തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊല്ലം മങ്ങാട് സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ തൃശൂര്‍ എ.വി.ആര് മേനോന് റോഡിലെ സായി അപ്പാര്‍ട്മെന്റിലാണ് താമസം.
78ലെത്തിയ കലാമണ്ഡലം പ്രഭാകരൻ ഓട്ടന്‍തുള്ളലിനെ ജനകീയമാക്കിയ കലാകാരനാണ്. 1960ൽ കലാമണ്ഡലത്തിൽ വിദ്യാർഥിയായി. പിന്നീട് അധ്യാപകനായും ഇപ്പോൾ ഭരണസമിതി അംഗമായും സജീവമാണ്. കേരളത്തിന് അകത്തും പുറത്തുമായി പതിനായിരത്തിലധികം വേദികളിൽ തുള്ളൽ അവതരിപ്പിച്ചു. 2003ലെ സൂര്യ ഫെസ്റ്റിവലിൽ ആദ്യമായി അരങ്ങിലെത്തിയ തുള്ളൽ ത്രയ വിസ്മയത്തിന്റെ സൃഷ്ടാവാണ്. ഓട്ടന്തുള്ളൽ, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ എന്നിവ ഒരേവേദിയിൽ അവതരിപ്പിക്കുന്നതാണ് ‘തുള്ളൽ ത്രയം’. നിരവധി പ്രഫഷനൽ നാടക സംഘങ്ങൾക്ക് നൃത്ത സംവിധാനവും ചെയ്തിട്ടുണ്ട്.
ഉടുത്തൊരുക്കലെന്ന കഥകളിയിലെ വസ്ത്രാലങ്കാരം നിർവഹിക്കുന്ന കലാകാരനാണ് നമ്പ്യാരത്ത് അപ്പുണ്ണി തരകൻ. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് ജനനം. ഒളപ്പമണ്ണ മനയിലെ കളിയോഗത്തിൽ അണിയറക്കാരനായാണ് തുടക്കം. 50ാം വയസ്സിലാണ് കലാമണ്ഡലത്തിൽ സ്ഥിരം ജീവനക്കാരനായത്.
കലാമണ്ഡലം അധ്യക്ഷനായിരുന്ന കവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ സഹായത്തിലായിരുന്നു അപ്പുണ്ണി തരകന് കലാമണ്ഡലത്തിൽ ജോലി ലഭിക്കുന്നത്. അതുവരെ അണിയറക്കാരൻ എന്ന തസ്തിക കലാമണ്ഡലത്തിൽ ഉണ്ടായിരുന്നില്ല. 1984ൽ വിരമിച്ചു. കോട്ടക്കൽ പി.എസ്.വി നാട്യസംഘം, ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയം, പേരൂർ സദനം കഥകളി അക്കാദമി എന്നിവിടങ്ങളിലും പ്രധാന അണിയറക്കാരനായിരുന്നു. സ്കൂൾ കലോത്സവം ആരംഭിച്ചത് മുതൽ തുടർച്ചയായി 55 വർഷം അപ്പുണ്ണി തരകൻ സ്കൂൾ കുട്ടികളെ കലോത്സവത്തിനായി കഥകളിവേഷം കെട്ടിച്ചിട്ടുണ്ട്. കലാമണ്ഡലം പുരസ്കാരം, സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

