പഞ്ചായത്ത് അംഗത്തോടും കൈക്കൂലി ചോദിച്ചു; പണം വാങ്ങുന്നതിനിടെ കയ്പമംഗലം വി.ഇ.ഒ പിടിയിൽ
text_fieldsപി.ആർ. വിഷ്ണു
കയ്പമംഗലം: പഞ്ചായത്ത് അംഗത്തിന്റെ കൈയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ പി.ആർ. വിഷ്ണുവിനെ വിജിലൻസ് പിടികൂടി.
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഡിവൈ.എസ്.പി സി.ജി. ജിം പോളും സംഘവും അറസ്റ്റ് ചെയ്തത്. ചളിങ്ങാട് സ്വദേശി തോട്ടുപറമ്പത്ത് വീട്ടിൽ ഷഹർബാന്റെ വീടിന്റെ അറ്റകുറ്റപ്പണിക്ക് തുക അനുവദിക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കാര്യം ഷഹർബാന്റെ സഹോദരി വാർഡ് അംഗം വി.ബി. ഷെഫീഖിനെ അറിയിച്ചു.
ഷഹർബാന് രണ്ടാം ഗഡു 25,000 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് എത്തിയ വാർഡ് അംഗത്തോടും വി.ഇ.ഒ 1000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് വാർഡ് അംഗം വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് ഫിനോഫ്തലിൻ പുരട്ടി നൽകിയ 1000 രൂപ വാർഡ് അംഗത്തിൽനിന്ന് വി.ഇ.ഒ കൈപ്പറ്റി.
ഈ സമയം മറഞ്ഞിരുന്ന വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. സി.പി.ഒമാരായ വിബീഷ്, സൈജു സോമൻ, അരുൺ എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.

