കാട്ടൂർ മലിനീകരണ ദുരിതം; അധികൃതർ കൈമലർത്തി; സംരക്ഷണ സമിതി മനുഷ്യാവകാശ കമീഷനിലേക്ക്
text_fieldsകാട്ടൂർ: മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെ ജലസ്രോതസുകൾ രാസമാലിന്യം കലർന്ന് മലിനമായ സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവാത്തതിൽ പ്രതിഷേധിച്ച് കുടിവെള്ള സംരക്ഷണ സമിതി സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നൽകി. ശാസ്ത്രീയ പരിശോധനയിൽ കിണറുകളിൽ രാസമാലിന്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും അധികൃതർ കണ്ണടക്കുകയാണെന്ന് ആരോപിച്ചാണ് സമിതി കമീഷനെ സമീപിച്ചത്.
കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രദേശത്തെ കിണറുകളിലെ വെള്ളത്തിൽ സിങ്ക്, കെമിക്കൽ ഓക്സിജൻ ഡിമാൻഡ് (സി.ഒ.ഡി) എന്നിവയുടെ അളവ് അനുവദനീയമായതിലും വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് കാട്ടൂർ പഞ്ചായത്തിന് കൈമാറിയിട്ടും തുടർനടപടികളുണ്ടായില്ല. ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് തെളിവുകൾ സഹിതം പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടാവാതെ വന്നതോടെയാണ് സമരസമിതി പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടന്നത്.
ഒരാഴ്ച മുമ്പ് ആരോപണവിധേയരായ രണ്ട് കമ്പനികൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് മന്ത്രി ആർ. ബിന്ദു ഇടപെട്ട് പ്രശ്നപരിഹാരത്തിന് ഉറപ്പുനൽകിയിരുന്നെങ്കിലും വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് സമിതി പരാതിയിൽ ആരോപിക്കുന്നു. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ രണ്ട് കമ്പനികളാണ് മലിനീകരണത്തിന് പ്രധാന ഉത്തരവാദികളെന്നും ഇവർ രണ്ട് വർഷത്തോളം ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചതെന്നും കമീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അനധികൃത പ്രവർത്തനത്തിന് സർക്കാറും ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളും മൗനാനുവാദം നൽകുകയായിരുന്നുവെന്നും പരാതിയിൽ ഗുരുതരമായ ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

