രണ്ട് 'നാട്ടുരാജ്യങ്ങളെ' ബന്ധിപ്പിച്ച കാട്ടൂർ പാലം ചരിത്രമായി
text_fieldsകാട്ടൂർ ചന്തയിലെ കോൺക്രീറ്റ് നടപ്പാലം പൊളിച്ചുമാറ്റുന്നു
കാട്ടൂർ: മലബാർ, കൊച്ചി നാട്ടുരാജ്യങ്ങളെ ബന്ധിപ്പിച്ചിരുന്ന കാട്ടൂർ മാർക്കറ്റ് പാലം പൊളിച്ചുമാറ്റി. കനോലി കനാൽ വികസനത്തിന്റെ ഭാഗമായാണ് നൂറ്റാണ്ട് പഴക്കമുള്ള പാലം പൊളിച്ചുനീക്കിയത്. എടത്തിരുത്തി പഞ്ചായത്ത് മലബാറിലും കാട്ടൂർ കൊച്ചിയിലും ആയിരുന്ന കാലത്ത് രണ്ടുരാജ്യക്കാർക്കും പരസ്പരം ബന്ധപ്പെടാൻ വഴിയൊരുക്കിയ നടപ്പാലമായിരുന്നു ഇത്. നൂറ്റാണ്ട് മുമ്പ് കനോലി കനാലിന് കുറുകെ കടക്കാനാണ് നടപ്പാലം നിർമിച്ചത്.
രണ്ട് സംസ്കാരങ്ങളുടെയും ജനതയുടെയും ഇടപഴകലിനും പാലം സാക്ഷ്യംവഹിച്ചു. കാട്ടൂർ ചന്തയോട് ചേർന്നുകിടക്കുന്ന പാലം കടന്ന് മലബാറുകാർ അപ്പുറത്തെത്തിയാൽ ചരക്കുകൾ അങ്ങോട്ട് കടത്തുന്നതിനും ഇങ്ങോട്ട് കൊണ്ടുവരുന്നതിനും നികുതി കൊടുക്കേണ്ടിയിരുന്നുവത്രെ. കനാലിനോട് ചേർന്ന് ഇതിനായി ചെക്ക്പോസ്റ്റും ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. മലബാറിൽ മദ്യം നിരോധിച്ച കാലത്ത് പാലം കടന്നെത്തുകയായിരുന്നു ആവശ്യക്കാർ.
മലബാറിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചപ്പോൾ കാട്ടൂർ കേന്ദ്രീകരിച്ചുള്ള യൂനിയനുകളിലാണ് ആളുകൾ പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് കനാൽ ജലപാതയിലൂടെ കൊച്ചിയിൽ നിന്നും കോഴിക്കോടുനിന്ന് ചരക്കുകൾ വന്നിരുന്ന പ്രധാന വാണിജ്യ കേന്ദ്രം കൂടിയായിരുന്നു കാട്ടൂർ.
കൊള്ളക്കൊടുക്കകൾക്കായി മണപ്പുറത്തെ ജനങ്ങളുടെ പ്രധാന ആശ്രയവുമായിരുന്നു ഇവിടം. ഇടക്കാലത്ത് പാലം നാശോന്മുഖമായപ്പോൾ സമീപത്ത് മറ്റൊരു ഇരുമ്പുപാലം നിർമിച്ചു.
പിന്നീട് റോഡുകൾ വികസിച്ചപ്പോൾ പുതിയ നടപ്പാലത്തിന്റെ ഉപയോഗവും കുറഞ്ഞു. ദ്രവിച്ചുനിന്ന കോൺക്രീറ്റ് നടപ്പാലം പൊളിച്ചു മാറ്റിയതോടെ വലിയൊരു ചരിത്രത്തിന്റെ സ്മാരകം കൂടിയാണ് ഇല്ലാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

