കാട്ടകാമ്പാൽ പൂരം സമാപിച്ചു
text_fieldsകാട്ടകാമ്പാൽ പൂരത്തോടനുബന്ധിച്ച പ്രതീകാത്മക കാളി-ദാരിക യുദ്ധത്തിൽ ദാരികനെ
നിഗ്രഹിച്ച് കിരീടവുമായി മടങ്ങുന്ന കാളി
കുന്നംകുളം: കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം സമാപിച്ചു. പ്രസിദ്ധമായ കാളി-ദാരിക സംവാദത്തിനും പ്രതീകാത്മക ദാരിക വധത്തിനും ശേഷമാണ് ചടങ്ങുകള്‍ സമാപിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരക്ക് ദേവസ്വം പൂരം ശ്രീമൂലസ്ഥാനമായ പാലക്കല്‍ കാവിലേക്ക് എഴുന്നള്ളുകയും കാളിയും ദാരികനും അവസാന പറവെച്ച് സ്വീകരിക്കുകയും ചെയ്തു.
അഞ്ചരക്ക് പൂരം ആവര്‍ത്തനത്തില്‍ പങ്കെടുത്ത പ്രാദേശിക പൂരങ്ങളിലേക്ക് ദേവസ്വം പൂരം എത്തിയതോടെ കൂട്ടിയെഴുന്നള്ളിപ്പ് ആരംഭിച്ചു. ഏഴരക്ക് ക്ഷേത്രത്തില്‍ കാളി-ദാരിക വായ്പ്പോര് ആരംഭിച്ചു. വായ്പ്പോരിനൊടുവില് ഓടിയൊളിക്കുന്ന ദാരികനെ കണ്ടെത്തി കാളി പ്രതീകാത്മകമായി നിഗ്രഹിച്ച് കിരീടവുമായി ആല്‍ത്തറയിലേക്ക് മടങ്ങി. ശേഷം ആനയെ ഉഴിയുന്ന ചടങ്ങും കൊടിയിറക്കവും നടന്നതോടെ പൂരം ചടങ്ങുകള്‍ക്ക് സമാപനമായി. തിങ്കളാഴ്ച കാലത്ത് അഞ്ചിന് നടതുറക്കല്‍, തുടര്‍ന്ന് നിര്‍മാല്യദര്‍ശനം, ആറിന് ഉഷപൂജ, ഒമ്പതരക്ക് ഉച്ചപൂജ തുടങ്ങിയവ നടന്നു. രാവിലെ ഏഴുമുതല്‍ 11.30 വരെ ഭക്തജനങ്ങള്‍ നടപ്പറ വെച്ചു. പത്തരക്ക് നടക്കല്മേളം ആരംഭിച്ചു. ചൊവ്വല്ലൂര്‍ മോഹനവാരിയര്‍ മേളത്തിന് നേതൃത്വം നല്കി. 11.30ന് ഗണപതിക്കല്‍ ചടങ്ങിനുശേഷം നടയടച്ചു. ഉച്ചക്ക് ഒന്നിന് പ്രാദേശികപൂരങ്ങളുടെ എഴുന്നള്ളിപ്പ് നടന്നു. വൈകീട്ട് അഞ്ചിന് എഴുന്നള്ളിപ്പുകള്‍ കിഴക്കേനടയില്‍ അണിനിരന്നു. ദേവസ്വം പൂരം എഴുന്നള്ളിച്ച് കൂട്ടിയെഴുന്നള്ളിപ്പില്‍ പങ്കെടുത്തതോടെ കാളി-ദാരിക പോരിന് ആദ്യം ദാരികനും പിന്നീട് കാളിയും പ്രവേശിച്ചു. കൂട്ടിയെഴുന്നള്ളിപ്പ് ഏഴോടെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. ശേഷം കാളി-ദാരിക വായ്പ്പോര് നടന്നു. കാളിയെ ഭയന്ന് ദാരികന് മായയില്‍ ഒളിച്ചതോടെ തിങ്കളാഴ്ചത്തെ ചടങ്ങുകള്‍ പൂര്‍ത്തിയായി.
തേര് പിടിക്കുന്നതിനെ ചൊല്ലി സംഘർഷം
കുന്നംകുളം: കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിനിടെ കാളിയുടെ തേരുപിടിക്കുന്നവര് തമ്മില്‍ സംഘര്‍ഷം. കാളിയുടെ തേര് ഒരു കുടുംബക്കാര് മാത്രം പിടിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. മറ്റുള്ളവര്‍ ഇതു ചോദ്യം ചെയ്തതോടെ അടിപിടിയായി. പൊലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. ചടങ്ങുകള്‍ തടസ്സമില്ലാതെ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

