ഡി.വൈ.എഫ്.ഐ നേതാവിന്റെ വെളിപ്പെടുത്തൽ; തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും കരുവന്നൂർ ചർച്ചയിലേക്ക്
text_fieldsകരുവന്നൂർ ബാങ്ക്
തൃശൂർ: സി.പി.എമ്മിൽ പദവികൾ കൂടുന്തോറും പിരിവിന്റെ വലുപ്പവും കൂടുമെന്നും പ്രധാന നേതാക്കൾ ഡീലർമാരാണെന്നുമുള്ള ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശരത്പ്രസാദിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ പാർട്ടിയെ പിടിച്ചുകുലുക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് വീണ്ടും ചർച്ചയിലേക്ക്.
കരുവന്നൂർ കേസിൽ ആരോപണ വിധേയരായ എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ, അനൂപ് ഡേവിസ് കാട തുടങ്ങിയവർക്കെതിരെയാണ് ശബ്ദ സന്ദേശമെന്നത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ വന്ന വെളിപ്പെടുത്തലിലൂടെ കരുവന്നൂരിലേക്കും സി.പി.എം നേതാക്കളുടെ സമ്പത്തിലേക്കും ചർച്ച നീളുമെന്ന് ഉറപ്പാണ്. പാർട്ടി യുവജന നേതാവ് തന്നെ മുതിർന്ന നേതാക്കൾക്കെതിരെ നടത്തിയ പരാമർശത്തെ കാര്യമായി പ്രതിരോധിക്കാനും സി.പി.എമ്മിനാകുന്നില്ല.
ഇതോടൊപ്പം നടത്തറയിലെ ഏഴ് സഹകരണ സ്ഥാപനങ്ങളിലെ അഴിമതി സംബന്ധിച്ച് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ നിബിൻ ശ്രീനിവാസന്റെ വെളിപ്പെടുത്തലും പാർട്ടിക്ക് ക്ഷീണം ചെയ്യുന്നതാണ്. കരുവന്നൂർ വിവാദം കെട്ടടങ്ങിയെന്ന് കരുതിയിരിക്കുന്നതിനിടെയാണ് പാർട്ടി ഗ്രൂപ്പിസത്തിന്റെ ഭാഗമായി കൂടി ശബ്ദസന്ദേശം ചോർത്തി പുറത്തെത്തിച്ചത്. രാഷ്ട്രീയ എതിരാളികൾക്ക് ലഭിച്ച മികച്ച ആയുധമായി സി.പി.എം ഇതിനെ കാണുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ശരത് പ്രസാദിനെതിരെ നടപടിക്കും സാധ്യതയുണ്ട്. ഇതിന്റെ തുടക്കമായാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.
കോൺഗ്രസ് നേതാവ് എം.കെ. ജാക്സണിന്റെ നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട ടൗൺ ബാങ്കിൽ റിസർവ് ബാങ്ക് കർക്കശ നിയന്ത്രണം ഏർപ്പെടുത്തിയ വിഷയത്തിൽ ശക്തമായ പ്രക്ഷോഭത്തിന് സാധിച്ചില്ലെന്ന വിമർശനവും പാർട്ടിക്കുള്ളിലുണ്ട്. കരുവന്നൂർ വീണ്ടും ചർച്ചയാകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കാര്യമായ സമരത്തിന് സി.പി.എം മുതിരാതിരുന്നതെന്നും ആരോപണമുണ്ട്. ഇതിനിടെയാണ് വീണ്ടും സ്വന്തം യുവജന നേതാവിലൂടെ വിഷയം ഉയർന്നുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

