പ്രളയകാല ദുരന്തത്തിന്റെ ബാക്കിപത്രമായി കാരൂർചിറ ബണ്ട് റോഡ്
text_fieldsപാതിവഴിയില്‍ നിര്‍മാണം നിലച്ച കാരൂര്ചിറ ബണ്ട് റോഡ്
ആളൂര്‍: പ്രളയം ഉണ്ടായി അഞ്ച് വര്‍ഷം പിന്നിടുമ്പോഴും പ്രളയത്തില്‍ തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായില്ല. ആളൂര്‍ പഞ്ചായത്തിലെ കാരൂർചിറ ബണ്ട് റോഡിന്റെ നിര്‍മാണമാണ് പാതിവഴിയില്‍ സ്തംഭിച്ചുകിടക്കുന്നത്.
കൊമ്പൊടിഞ്ഞാമാക്കല്‍-ചാലക്കുടി, കുണ്ടായി-അണ്ണല്ലൂര്‍ റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ആളൂര്‍ പഞ്ചായത്തിലെ കാരൂര്ചിറ ബണ്ട് റോഡ്. ഒന്നേകാല്‍ കിലോമീറ്റര്‍ നീളം വരുന്ന റോഡ് 2018ലെ പ്രളയകാലത്ത് വെള്ളം കയറി തകര്‍ന്നിരുന്നു. 2019-20ല്‍ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി പുനര്‍നിര്‍മാണത്തിന് ഒരു കോടി 95 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണികള്‍ രണ്ടര വര്‍ഷം മുമ്പ് തുടങ്ങിവെച്ചെങ്കിലും കാരൂര്ചിറയുടെ വശം കോണ്‍ക്രീറ്റ് ഭിത്തി കെട്ടുന്ന പണി മാത്രമാണ് ഏറെക്കുറെ പൂര്‍ത്തിയാക്കിയതെന്ന് പഞ്ചായത്ത് അംഗം കെ.വി. രാജു പറഞ്ഞു.
ചിറയുടെ ഒരുഭാഗത്ത് നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിക്കും റോഡിനും ഇടയിലുള്ള ഭാഗം വലിയ ഗര്‍ത്തമായി കാടുമൂടി കിടക്കുകയാണ്. റോഡിലെ കുഴികളില്‍ ചാടി ഇരുചക്രവാഹനങ്ങള്‍ ഇവിടെ താഴ്ചയിലേക്ക് മറിയുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂള്‍ ബസുകളുള്‍പ്പെടെ മാള, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്ന ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്.
റോഡിന്റെ പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. നവീകരണത്തിനായി റോഡിന്റെ ഉപരിതലത്തില്‍ നേരത്തെ ഉണ്ടായിരുന്ന ടാറിങ് ഇളക്കി കളഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ കാരൂര്ചിറയില് വെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങള്‍ താറുമായി കിടക്കുകയാണെന്ന് കാരൂര്‍ പാടശേഖര സമിതി പ്രസിഡന്റും റിട്ട. അധ്യാപകനുമായ ടി.പി. ടോമി പറഞ്ഞു. റോഡ് പണി സ്തംഭിച്ചിട്ട് ആറ് മാസത്തോളമായിട്ടും പുനരാരംഭിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല.
ഇതുവരെ ചെയ്ത പ്രവൃത്തിക്ക് പണം നല്കാത്തതിനാല് കരാറുകാരന് ഏറെക്കുറെ പണി ഉപേക്ഷിച്ച മട്ടാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പണി പൂര്‍ത്തിയാക്കാനുള്ള നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

