കർണാടക മദ്യം കടത്തി വിൽപന; രണ്ട് പേർ അറസ്റ്റിൽ
text_fieldsതൃശൂർ: ലോക്ഡൗൺ കാലത്ത് മദ്യം ലഭ്യമല്ലാതിരിക്കെ പച്ചക്കറി വണ്ടിയിൽ കടത്തിക്കൊണ്ടു വന്ന് പച്ചക്കറി കടയുടെ മറവിൽ വിൽപന നടത്തിയിരുന്ന കർണാടക മദ്യവുമായി അമലയിൽ രണ്ട് പേർ അറസ്റ്റിൽ.
മൈസൂർ നഞ്ചൻകോട് പുതുകുളങ്ങര വീട്ടിൽ സത്യൻ (42), കുറ്റൂർ ചാമക്കാട് പുതുകുളങ്ങര വീട്ടിൽ ശരത് (26) എന്നിവരെയാണ് തൃശൂർ എക്സൈസ് ഇൻറലിജൻസും കോലഴി റേഞ്ച് ഇൻസ്പെക്ടർ എസ്. ബിജു ദാസും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നു 45 ലിറ്റർ കർണാടക നിർമിത മദ്യവും പിടിച്ചെടുത്തു.
ബോട്ടിലിന് 3000 രൂപ നിരക്കിലായിരുന്നു ഇവർ മദ്യം വിറ്റിരുന്നത്. രാത്രിയിൽ മൈസൂരുവിൽനിന്ന് തൃശൂരിലേക്ക് കൊണ്ട് വന്ന പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചായിരുന്നു മദ്യമെത്തിച്ചത്. അമല കുറ്റൂർ റോഡിൽ വെച്ചാണ് വാഹനവും മദ്യവുമായി ഇരുവരെയും പിടികൂടിയത്.

