കാരിക്കുളം കടവിൽ പാലം: കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കം
text_fieldsകുറുമാലി പുഴയിലെ കാരിക്കുളം കടവ്
ആമ്പല്ലൂര്‍: കുറുമാലി പുഴയിലെ കാരിക്കുളം കടവില്‍ പാലമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. 1976 മുതല്‍ ഇക്കാര്യമുന്നയിച്ച് പ്രദേശവാസികള്‍ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കി കാത്തിരിക്കുകയാണ്.
വരന്തരപ്പിള്ളി പഞ്ചായത്തിലെ പൗണ്ട് മുതല്‍ കാരിക്കുളം കടവ് വരെയും പുഴക്ക് അക്കരെ ഓത്തനാട് മുതലും റോഡുണ്ട്. ഈ രണ്ട് റോഡുകളെ ബന്ധിപ്പിച്ച് പുഴയില്‍ പാലമോ റെഗുലേറ്റര്‍ കം ബ്രിഡ്‌ജോ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവില്‍ കാരിക്കുളത്തുകാര്‍ പാലപ്പിള്ളി വഴി ഏഴു കിലോമീറ്റര്‍ അധികം സഞ്ചരിച്ചാണ് വരന്തരപ്പിള്ളിയിലെത്തുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ പൗണ്ട് വഴി വരന്തരപ്പിള്ളിയില്‍നിന്ന് എളുപ്പം കാരിക്കുളം, പാലപ്പിള്ളി, ചിമ്മിനി, കുണ്ടായി, ചൊക്കന, കോടാലി, അതിരപ്പിള്ളി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാം.
എല്ലാ വര്‍ഷവും കാരിക്കുളം കടവിന് സമീപം വേനലില്‍ രണ്ട് താല്‍ക്കാലിക മണ്‍ചിറകള്‍ നിര്‍മിക്കാറുണ്ട്. പുഴയിലെ ജലലഭ്യത ഉറപ്പുവരുത്താനാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ചിറകള്‍ കെട്ടാറ്. റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുകയാണെങ്കില്‍ ഈ ചെലവ് ഒഴിവാക്കാം. പ്രദേശത്തെ കുടിവെള്ള, ജലസേചന പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമാകും.
ഓത്തനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനും 907 ജാറത്തിലെ ആണ്ടുനേര്‍ച്ചക്കും പുഴക്ക് അക്കരെയും ഇക്കരെയുമുള്ള നാട്ടുകാര്‍ ജാതിമതഭേദമന്യേ സഹകരിച്ച് കാരിക്കുളം കടവില്‍ താല്‍ക്കാലിക പാലം നിർമിക്കുകയാണ് പതിവ്. സി. രവീന്ദ്രനാഥ് മന്ത്രിയായിരുന്ന സമയത്ത് സംസ്ഥാന ബജറ്റില്‍ കാരിക്കുളം കടവ് പാലത്തിനുവേണ്ടി അഞ്ചുകോടി വകയിരുത്തിയതായി പറഞ്ഞിരുന്നു. എന്നാല്‍, തുടര്‍നടപടി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

