കാളത്തോട് കല്യാണ മണ്ഡപം; നിർമാണത്തിൽ അടിമുടി ചട്ടലംഘനം
text_fieldsതൃശൂർ: കാളത്തോട് കല്യാണ മണ്ഡപ നിർമാണത്തിൽ നടന്നത് അടിമുടി ചട്ടലംഘനമെന്ന് ഓഡിറ്റ് റിപ്പോർട്ട്. കോർപറേഷൻ സെക്രട്ടറി തന്റെ അധികാരപരിധിയിലുള്ള എല്ലാ നിർമാണ പ്രവൃത്തികളിലും കേരള മുനിസിപ്പൽ ബിൽഡിങ് റൂൾ (കെ.എം.ബി.ആർ) ലംഘനം ഇല്ലെന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ ഓഫിസിലാണ് കല്യാണ മണ്ഡപത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയത്. എന്നാൽ, പ്രവൃത്തികൾ കെ.എം.ബി.ആർ പ്രകാരം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെക്രട്ടറിക്ക് സാധിച്ചില്ലെന്നാണ് റിപ്പോർട്ട്.
ചട്ടം പ്രകാരം 500 ചതുരശ്രമീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് മുന്നിൽ 7.5 മീറ്ററും വശങ്ങളിൽ മൂന്ന് മുതൽ അഞ്ച് മീറ്റർ വരെയും പിറകിൽ മൂന്ന് മീറ്ററും യാർഡ് സ്പേസ് ആവശ്യമാണ്. എന്നാൽ, ഈ കെട്ടിടത്തിന് പിറകുവശത്ത് റോഡിന്റെ അതിർത്തിവരെ റൂഫ് ഷീറ്റ് ചെയ്‌ത് പിറകിലെ യാർഡ് സ്പേസ് ഇല്ലാതാക്കി. അസംബ്ലി കാറ്റഗറിയിലുള്ള കെട്ടിടങ്ങൾക്ക് കവറേജ് 40 ശതമാനം ഇല്ലാത്ത അവസ്ഥ ചട്ടലംഘനമാണ്.
ചട്ടം 27 പ്രകാരം, ഡി വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക് 47 കാർ പാർക്കിങ്ങിന് സ്ഥലം ആവശ്യമാണ്. എന്നാൽ, സൈറ്റ് പ്ലാൻ പ്രകാരം 14 കാർ പാർക്കിങ് സ്പേസ് മാത്രമാണ് നൽകിയത്. ചട്ടം 29 (അഞ്ച്) പ്രകാരം കാർ പാർക്കിങ് സ്പേസിന് പുറമെ 25 ശതമാനം ടൂ വീലർ പാർക്കിങ്ങിന് മാറ്റിവക്കണം. ടൂവീലർ പാർക്കിങ്ങിന് സ്‍ഥലം സൈറ്റ് പ്ലാനിൽ പ്രൊവിഷൻ വെച്ചിട്ടില്ല. ഇതും ലംഘനമാണ്
ഈ ചട്ടലംഘനങ്ങൾ മറ്റൊരാൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാത്രമാണ് സെക്രട്ടറി മനസ്സിലാക്കിയത്. പിന്നീട് ഇത് ചൂണ്ടിക്കാട്ടി സർക്കാറിലേക്ക് ഇളവിനുവേണ്ടി കത്തയച്ചു. നാളിതുവരെ ഇളവ് കിട്ടിയിട്ടില്ല. സർക്കാർ ഇളവ് കിട്ടിയില്ലെങ്കിൽ, 2.85 കോടി രൂപ മുടക്കി പണിത കല്യാണമണ്ഡപം നിയമപരമായി പ്രവർത്തിക്കാൻ കഴിയാതെ വരും. സാധാരണ ജനങ്ങൾക്ക് കിട്ടേണ്ട സൗകര്യം നഷ്ടപ്പെടാൻ സാഹചര്യം ഉണ്ടാകും. കോർപറേഷന് 2.85 കോടിയുടെ സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
എസ്.ബി.ഡിയുടെ പ്രത്യേക കരാർ നിബന്ധനകൾ അനുസരിച്ച് വർക്സ് മാനേജർ, രണ്ടു സൈറ്റ് എൻജിനീയർ, രണ്ടു സൂപ്പർവൈസർമാർ എന്നിവരെ ആവശ്യമാണ്. എന്നാൽ, ഫയലുകൾ പരിശോധിച്ചതിൽ, രണ്ടു സിവിൽ എൻജിനീയർമാരെ മാത്രമാണ് 2020 നവംബർ ഒമ്പത് മുതൽ 2024 സെപ്റ്റംബർ 28 വരെ നിയമിച്ചത്. ആവശ്യമായ മൂന്ന് എൻജിനീയർമാരെ നിയമിച്ചതിന് യാതൊരു രേഖകളും ലഭിച്ചില്ല. ഈ പ്രോജക്ടിന്റെ കരാർ അനുസരിച്ച് മൂന്ന് എൻജിനീയറിങ് ബിരുദധാരികളെയും രണ്ടു ഡിപ്ലോമക്കാരെയും നിർബന്ധമായും നിയമിക്കണം.
പ്രവൃത്തി ഏകദേശം 49 മാസം നീണ്ടു. കുറഞ്ഞ പ്രതിദിന വേതനം 500 ആണെന്ന് കണക്കുകൂട്ടിയാൽ തന്നെ മൂന്ന് ജീവനക്കാരുടെ ശരാശരി മാസവേതനം 45,000 ആകും. അതിനാൽ മൊത്തം 49 മാസത്തിന് പിഴത്തുകയായി 22,05,000 രൂപയാവും. ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തത്തിന് കോൺട്രാക്‌ടറുടെ വർക്ക് ബില്ലിൽനിന്ന് ഈ തുക തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
വിജിലൻസ് അന്വേഷണം നടത്തണം -ഡെപ്യൂട്ടി മേയർ
തൃശൂർ: എൽ.ഡി.എഫ് ഭരണകാലത്ത് കാളത്തോട് കല്യാണ മണ്ഡപ നിർമാണത്തിൽ നടന്ന അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഡെപ്യൂട്ടി മേയർ എ. പ്രസാദ്. ‘മാധ്യമം’ വാർത്ത ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം പ്രതിപക്ഷത്തിന് മറുപടി നൽകിയത്. കല്യാണമണ്ഡപത്തിന്റെ നിർമാണത്തിന് കോടികൾ ചെലവഴിച്ചു. കോൺട്രാക്ടർക്ക് 9.5 ലക്ഷം രൂപ അധികമായി നൽകിയെന്നാണ് ‘മാധ്യമം’ റിപ്പോർട്ട്. കോടികൾ ചെലവഴിച്ചത് സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണം. റിപ്പോർട്ട് കൗൺസിൽ യോഗത്തിൽ വെക്കണം. വേണ്ടി വന്നാൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

