പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസ് മുറിയുടെ ജനൽച്ചില്ല് വാർഡ് അംഗം തകർത്തു
text_fieldsകയ്പമംഗലം പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റിന്റെ മുറിയുടെ ജനൽച്ചില്ല് തകർത്തനിലയിൽ
കയ്പമംഗലം: പഞ്ചായത്ത് അംഗം പ്രസിഡന്റിന്റെ ഓഫിസ് മുറിയുടെ ജനൽച്ചില്ല് തകർത്തു. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. ഏഴാം വാർഡ് അംഗം ഷാജഹാനാണ് പ്രസിഡന്റിന്റെ മുറിയുടെ ജനൽ വലിച്ചടച്ച് ചില്ല് തകർത്തത്. ഏഴാം വാർഡിലെ വികസന കാര്യങ്ങൾ നോക്കാൻ ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥയോടൊപ്പം സ്ഥലത്തേക്ക് പോകാൻ നിശ്ചയിച്ചിരുന്നു.
എന്നാൽ, ഉച്ചക്കുശേഷം ലീവായതിനാൽ നാളെ പോയാൽ മതിയോ എന്ന് ഉദ്യോഗസ്ഥ ചോദിച്ചതാണ് അംഗത്തെ ക്ഷുഭിതനാക്കിയതത്രെ. തുടർന്ന് ദേഷ്യത്തോടെ ജനൽ വലിച്ചടച്ചതോടെ ചില്ല് തകരുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അംഗംതന്നെ പണിക്കാരനെ കൊണ്ടുവന്ന് ജനൽച്ചില്ല് മാറ്റിസ്ഥാപിച്ചു. മുമ്പും ഇതേ അംഗം ഭരണസമിതി യോഗങ്ങളിൽ ക്ഷുഭിതനായി കസേരയും ചായഗ്ലാസും വലിച്ചെറിഞ്ഞിട്ടുണ്ട്. അംഗത്തിനെതിരെ സെക്രട്ടറി കയ്പമംഗലം പൊലീസിൽ പരാതി നൽകി.