സൈക്കിളിൽ ബസ് തട്ടി; വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsബസ് തട്ടി സൈക്കിൾ തകർന്നനിലയിൽ
കയ്പമംഗലം: ദേശീയപാത 66ൽ ചെന്ത്രാപ്പിന്നിയിൽ സ്റ്റോപ്പിൽ നിർത്തിയിട്ട ബസ് മുന്നോട്ടെടുക്കവെ സൈക്കിളിൽ ഇടിച്ചു. സൈക്കിൾ യാത്രികനായ വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെന്ത്രാപ്പിന്നി സെന്ററിൽ തെക്കേ ബസ് സ്റ്റോപ്പിൽ ശനിയാഴ്ച രാവിലെ 11.10ഓടെയായിരുന്നു സംഭവം.
ചെന്ത്രാപ്പിന്നി സ്വദേശിയായ സുബ്രഹ്മണ്യൻ നിർത്തിയിട്ട ബസിന് മുന്നിലൂടെ സൈക്കിളിൽ റോഡ് മുറിച്ചുകടക്കവേ പെട്ടെന്ന് ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ബസ് ദേഹത്ത് തട്ടി സുബ്രഹ്മണ്യൻ റോഡിലേക്ക് വീണു. ഈ സമയം മറ്റുവാഹനങ്ങളൊന്നും റോഡിൽ ഇല്ലാത്തതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസിന്റെ ടയർ കയറിയിറങ്ങി സൈക്കിളിന് കേടുപാട് സംഭവിച്ചു. ഗുരുവായൂരിൽനിന്ന് എറണാകുളത്തേക്ക് പോയ നർമദ ബസാണ് സൈക്കിളിൽ തട്ടിയത്.