കയ്പമംഗലം റോഡ് തോടായി; മീൻപിടിത്തവും കുളിയുമായി നാട്ടുകാർ
text_fieldsചളിങ്ങാട് ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ പൈപ്പ് പൊട്ടി വെള്ളക്കെട്ടായതോടെ പ്രതിഷേധിക്കുന്ന നാട്ടുകാർ
കയ്പമംഗലം: റോഡിലെ വെള്ളക്കെട്ടിൽ കുളിച്ചും, വഞ്ചിയിറക്കിയും, പോത്തിനെ കുളിപ്പിച്ചും, മീൻ പിടിച്ചും യുവാക്കളുടെ വേറിട്ട പ്രതിഷേധം. കയ്പമംഗലം ചളിങ്ങാട് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ യാത്രാദുരിതത്തിനെതിരെ നാട്ടുകാർ സംഘടിപ്പിച്ച സമരമാണ് ശ്രദ്ധേയമായത്.
കുടിവെള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനാണ് റോഡിന്റെ ഒരു ഭാഗം പൊളിച്ചത്. കുഴിയെടുത്ത ഭാഗം പിന്നീട് മൂടിയിരുന്നു. എന്നാൽ, മഴ ശക്തമായതോടെ കുഴിച്ച ഭാഗം തോടിന് സമാനമായി മാറുകയും റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ മഴവെള്ളംകെട്ടിക്കിടക്കുകയാണ്. ഇതിനിടെ പൈപ്പ് പൊട്ടി ശുദ്ധജലവും പാഴാകുന്നതായി നാട്ടുകാർ പറയുന്നു. റോഡ് കുളമായി മാറിയതോടെ യാത്ര ദുരിതപൂർണമായിരിക്കുകയാണ്. കരാറുകാരന്റെയും വാട്ടർ അതോറിറ്റിയുടെയും ഗുരുതരമായ അനാസ്ഥയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും, അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കുകയും പൈപ്പ് ചോർച്ച പരിഹരിക്കുകയും ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പി.എം. നജ്മുദ്ദീൻ, ടി.യു. അഹമ്മദ്, പി.എം. അസ്ലം, കെ.കെ. ഷെക്കീർ, താഹിർ, കെ.കെ. ഷെജീർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

