ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സ സഹായം തേടുന്നു
text_fieldsശ്രീനിഷ്
കയ്പമംഗലം: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കേബിൾ ടി.വി ജീവനക്കാരൻ ചികിത്സ സഹായം തേടുന്നു. കയ്പമംഗലം കാളമുറിയിലെ മള്‍ട്ടിടെക് കേബിള്‍ നെറ്റ് വർക്ക് ജീവനക്കാരനും വഴിയമ്പലം സ്വദേശിയുമായ നടയ്ക്കല്‍ ശ്രീനിഷാണ് (40) തുടർചികിത്സക്കായി സഹായം അഭ്യർഥിക്കുന്നത്.
എടത്തിരുത്തി അയ്യംപടിയിൽ ജൂലൈ രണ്ടിനുണ്ടായ അപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീനിഷ്. പല തവണ ശസ്ത്രക്രിയ വേണ്ടിവന്നു. ചികിത്സക്ക് എട്ട് ലക്ഷം രൂപ ഇതിനകം ചെലവായി. ഇപ്പോഴും പരസഹായമില്ലാതെ കിടക്കയില്‍നിന്ന് എഴുന്നേല്ക്കാനാവില്ല. ഓര്‍മശക്തി പൂര്‍ണമായും തിരിച്ചുകിട്ടിയിട്ടില്ല. മൂന്നാഴ്ചക്കകം അടുത്ത ശസ്ത്രക്രിയ വേണം.
അതിന് അഞ്ച് ലക്ഷം രൂപയോളം ചെലവ് വരും. ശ്രീനിഷിന്റെ ചെറിയ വരുമാനത്തില്‍ കഴിഞ്ഞിരുന്ന വയോധികയായ അമ്മയും ഭാര്യയും രണ്ട് ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബം എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയിലാണ്. സുമനസ്സുകളുടെ സഹായം തേടുകയാണ് ശ്രീനിഷും കുടുംബവും. ശ്രീനിഷിന്റെ ഭാര്യ പി.ആര്. രജിതയുടെ പേരിൽ കാത്തലിക് സിറിയന്‍ ബാങ്ക് അരിപ്പാലം ശാഖയിലുള്ള അക്കൗണ്ടിലേക്ക് സഹായങ്ങൾ അയക്കാം. അക്കൗണ്ട് നമ്പർ: 0169-03299636-190001. ഐ.എഫ്.എസ്.സി: CSBK0000169.