മൂന്നുപീടികയിൽ അടിപ്പാത അനിവാര്യമെന്ന് കലക്ടർ
text_fieldsബൈപാസ് നിർമാണം നടക്കുന്ന മൂന്നുപീടികയിൽ കലക്ടർ വി.ആർ. കൃഷ്ണ തേജ സന്ദർശിക്കുന്നു
കയ്പമംഗലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ബൈപാസ് നിർമാണം നടക്കുന്ന മൂന്നുപീടികയിൽ കലക്ടർ വി.ആർ. കൃഷ്ണ തേജ സന്ദർശനം നടത്തി. ബൈപാസിൽ മൂന്നുപീടിക ബീച്ച് റോഡിന് അടിപ്പാത വേണമെന്ന സമര സമിതിയുടെയും ജനപ്രതിനിധികളുടെയും ആവശ്യം മുൻനിർത്തി ഇ.ടി. ടൈസൺ എം.എൽ.എയുടെ ആവശ്യപ്രകാരമാണ് കലക്ടർ സ്ഥലം സന്ദർശിച്ചത്. മുന്നുപീടികയിൽ അടിപ്പാതയുടെ ആവശ്യകതയെക്കുറിച്ച് ജനപ്രതിനിധികളും സമരസമിതി നേതാക്കളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കലക്ടറോട് വിശദീകരിച്ചു.
മൂന്നുപീടികയിൽ അടിപ്പാത അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതായി കലക്ടർ പറഞ്ഞു. എന്നാൽ, അര കിലോമീറ്റർ പരിധിയിൽ മറ്റൊരു അടിപ്പാത ഉള്ളതിനാൽ പുതിയൊരു അടിപ്പാതക്ക് സാങ്കേതിക തടസ്സം ഉണ്ടെന്നും സ്മോൾ വെഹിക്കിൾ അണ്ടർ പാസ് സൗകര്യം ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാറും, ദേശീയപാത അതോറിറ്റിയുമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നുപീടിക ബീച്ച് റോഡിനെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കേണ്ട കാര്യവും അടുത്ത യോഗത്തിൽ ഉന്നയിക്കുമെന്നും കലക്ടർ സൂചിപ്പിച്ചു. മൂന്നുപീടികയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ ദേശീയപാത അധികൃതർക്ക് എം.എൽ.എയും എം.പിയും മുഖേന നിവേദനം നൽകിയിരുന്നു. ഇത് പരിഗണിച്ച് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കി സമർപ്പിച്ചുവെങ്കിലും അടിപ്പാത അനുവദിച്ച് കിട്ടിയിരുന്നില്ല.
ഇ.ടി. ടൈസൺ എം.എൽ.എ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, സമരസമിതി ജനറൽ കൺവീനറും വ്യാപാരി യൂനിറ്റ് പ്രസിഡന്റുമായ പി.എം. റഫീഖ്, തീരദേശ വികസന സമിതി ചീഫ് കോഓഡിനേറ്റർ ഇല്യാസ് ചെറുവട്ടം, ജനപ്രതിനിധികൾ, വ്യാപാരി നേതാക്കൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കലക്ടറോടൊപ്പം ഉണ്ടായിരുന്നു.