വഴിയോര കച്ചവടക്കാരിയെ കബളിപ്പിച്ച് പണം തട്ടി
text_fieldsതട്ടിപ്പിനിരയായ ജ്യോതിമണി
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശിനിയെ കബളിപ്പിച്ച് യുവാവ് പണം തട്ടി. ചെന്ത്രാപ്പിന്നി സർവിസ് സഹകരണ ബാങ്കിന് സമീപം റോഡരികിൽ കച്ചവടം ചെയ്യുന്ന പഴനി സ്വദേശിനി ജ്യോതിമണിയിൽനിന്നാണ് 5000 രൂപ തട്ടിയെടുത്തത്. ശനിയാഴ്ച രാവിലെ 11നാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് മാമ്പഴവും സപ്പോട്ടയും എടുക്കാൻ ആവശ്യപ്പെടുകയും 2000 രൂപക്ക് ചില്ലറ ചോദിക്കുകയും ചെയ്തു.
ഈ സമയം ജ്യോതിമണി പഴ്സിൽനിന്ന് 5000 രൂപ എടുത്തു. ഈ തുക മുഴുവൻ യുവാവ് ആവശ്യപ്പെടുകയും അത് നൽകിയ ഉടൻ ഇയാൾ പണവുമായി ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നുവത്രെ. വെള്ളിയാഴ്ച ശ്രീനാരായണപുരം പനങ്ങാടും സമാനരീതിയിൽ വഴിയോര കച്ചവടക്കാരിയെ കബളിപ്പിച്ച് 3000 രൂപ തട്ടിയെടുത്തിരുന്നു. കയ്പമംഗലം പൊലീസ് അന്വേഷണമാരംഭിച്ചു.