ചാമക്കാല ശ്രീനാഥ് കൊലപാതകം; പ്രതി 22 വർഷത്തിനുശേഷം പിടിയിൽ
text_fieldsഅജയൻ
കയ്പമംഗലം: ചാമക്കാല ശ്രീനാഥ് കൊലപാതകക്കേസിലെ പ്രതി 22 വർഷത്തിനു ശേഷം അറസ്റ്റിൽ. കയ്പമംഗലം കൂരിക്കുഴി സ്വദേശി പാണ്ടികപറമ്പിൽ വീട്ടിൽ അജയനെ (അജി-45) യാണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചാമക്കാല സ്വദേശി ശ്രീനാഥിനെ (22) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അജയനെ ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്.
തീരദേശത്തെ നടുക്കിയ ഗുണ്ടാ ആക്രമണങ്ങളിൽ ഒന്നായിരുന്നു ശ്രീനാഥ് കൊലക്കേസ്. ശ്രീനാഥും സുഹൃത്തും ചേർന്ന് റെജിയെ മർദിച്ചെന്നാരോപിച്ചാണ് 2003 ഡിസംബർ 19ന് ചാമക്കാല ഹൈസ്കൂൾ പരിസരത്ത് വെച്ച് ശ്രീനാഥിനെ ആക്രമിക്കുന്നത്. ഏഴംഗ ഗുണ്ടാ സംഘം ക്രൂരമായ മർദിച്ചതിനു ശേഷം വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും തുടർന്ന് സമീപത്തെ തോട്ടിൽ മുക്കിക്കൊല്ലുകയുമായിരുന്നു.
ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള കൂരിക്കുഴി ഷിജിൽ ഉൾപ്പെടെയുള്ള സംഘത്തിലെ ആറു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതി റെജിയെ 2023 ൽ കോയമ്പത്തൂരിലെ രാമനാഥപുരത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ അജയനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒളിവിലുള്ള പ്രതികളെ പിടികൂടാനുള്ള നടപടികളുടെ ഭാഗമായി അജയനെതിരെ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
അജയൻ ദുബായിൽനിന്ന് രഹസ്യമായി ബംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ എയർപോർട്ട് അധികൃതർ ലുക്ക് ഔട്ട് സർക്കുലർ പ്രകാരം തടഞ്ഞ് വെക്കുകയായിരുന്നു. തുടർന്നാണ് ബംഗളൂരുവിൽ നിന്ന് തൃശൂർ റൂറൽ ജില്ല പൊലീസ് സംഘം അജയനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

