യുവാവിനെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കയ്പമംഗലം: കയ്പമംഗലത്ത് യുവാവിനെ ആക്രമിച്ച കേസിൽ സഹോദരന്മാർ അറസ്റ്റിൽ. കയ്‌പമംഗലം ശവക്കോട്ട സ്വദേശികളായ അന്തിക്കാട്ട് വീട്ടിൽ അമൽ ചന്ദ്ര (23), സഹോദരൻ അഭയ് ചന്ദ്ര (26) എന്നിവരെയാണ് കയ്‌പമംഗലം എസ്.ഐ കെ.എസ്. സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ 31നായിരുന്നു കേസിനാസ്പദമായ സംഭവം. കയ്‌പമംഗലം പുന്നക്കച്ചാൽ സ്വദേശി കിഴക്കേവളപ്പിൽ വിഷ്‌ണുവാണ് ആക്രമണത്തിനിരയായത്. ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് തലക്ക് പരിക്കേറ്റ വിഷ്‌ണു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ശ്രീകൃഷ്‌ണ ജയന്തി ഘോഷയാത്രക്കിടെ വിഷ്‌ണുവും പ്രതികളും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിനാണ് കേസ്. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. എസ്.ഐമാരായ കൃഷ്‌ണ പ്രസാദ്, ഗോകുൽ, മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ വഹാബ്, അനൂപ്, ഹരി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.