'ആദ്യത്തെ കൺമണി'യുടെ അച്ഛനെ കണ്ട് ജയറാം
text_fieldsഗുരുവായൂര്‍: 'ആദ്യത്തെ കൺമണി' ചലച്ചിത്രത്തിലെ കുഞ്ഞിെൻറ പിതാവിനെ ജയറാം കണ്ടുമുട്ടി. കോവിഡ് കാലത്തെ അടച്ചിടലിെൻറ വിരസതയകറ്റാൻ ഗുരുവായൂർ നഗരസഭ സംഘടിപ്പിച്ച പ്രതിദിന വെബിനാർ പരമ്പരയായ 'അരികെ' ആയിരുന്നു സമാഗമ വേദി. ഗുരുവായൂരിൽ ചിത്രീകരിച്ച 'ആദ്യത്തെ കൺമണി'യിൽ ജയറാമിെൻറ കഥാപാത്രം തെൻറ കുഞ്ഞായി കാണിക്കുന്ന കുട്ടിയുടെ പിതാവിനെയാണ് കണ്ടുമുട്ടിയത്.
സിനിമയിൽ ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രത്തിെൻറ കുഞ്ഞിനെയാണ് തെൻറ മകനായി ജയറാം ബന്ധുക്കളെ കാണിക്കുന്നത്. ഈ കുഞ്ഞ് തെൻറ ഇളയ മകനായ ധീരജ് ആയിരുന്നുവെന്ന് വെബിനാറിൽ പങ്കെടുത്ത എം.വി. ഗോപാലൻ പറഞ്ഞപ്പോൾ ജയറാമിനും കൗതുകമായി. ധീരജ് ഇപ്പോൾ സിനിമയുടെ സാങ്കേതിക മേഖലയിൽ ജോലി ചെയ്യുകയാണെന്നും ഗോപാലൻ പറഞ്ഞു. തെൻറ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ വേദിയാണ് ഗുരുവായൂർ എന്ന ആമുഖത്തോടെയാണ് ജയറാം സംസാരം തുടങ്ങിയത്.
കുട്ടിക്കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിെൻറ കോവിലകം പറമ്പിലെത്തി ആനകളെ കണ്ടതും പാർവതിയുമായുള്ള വിവാഹം ക്ഷേത്ര സന്നിധിയിൽ നടന്നതുമെല്ലാം ഓർത്തെടുത്തു. പൊൻമുട്ടയിടുന്ന താറാവ്, യാത്രക്കാരുടെ ശ്രദ്ധക്ക്, ആദ്യത്തെ കൺമണി, പൈതൃകം തുടങ്ങി തെൻറ ഒട്ടനവധി വിജയ ചിത്രങ്ങളുടെ ലൊക്കേഷൻ ഗുരുവായൂരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഏറെ നല്ല വേഷങ്ങൾ സമ്മാനിച്ച സത്യൻ അന്തിക്കാടുമൊത്തുള്ള സിനിമ ലോക്ഡൗൺ മൂലം നീണ്ടുപോകുന്നതിെൻറ വേദനയും മറച്ചുവെച്ചില്ല.