ജനകീയ പ്രതിരോധ ജാഥ ഇന്ന് തൃശൂരിൽ
text_fieldsതൃശൂർ: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ശനിയാഴ്ച ജില്ലയിൽ പ്രവേശിക്കും. രാവിലെ ഒമ്പതിന് ജില്ല അതിർത്തിയായ കൊച്ചിൻ പാലത്തിൽ ജാഥയെ സ്വീകരിക്കും. 10ന് ചെറുതുരുത്തി സെന്ററിൽ ചേലക്കര നിയോജക മണ്ഡലത്തിന്റെ സ്വീകരണ പരിപാടിയാണ് ആദ്യപൊതുയോഗം. 11ന് വടക്കാഞ്ചേരി മണ്ഡലത്തിന്റെ സ്വീകരണം ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്താണ്.
ഉച്ചഭക്ഷണത്തിന് ശേഷം എരുമപ്പെട്ടി, പന്നിത്തടം വഴി ജാഥ കുന്നംകുളത്തേക്ക് നീങ്ങും. കുന്നംകുളം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മൂന്നിനാണ് മണ്ഡലംതല സ്വീകരണം. അവിടെനിന്ന് കോട്ടപ്പടി, മുതുവട്ടൂർ വഴി ഗുരുവായൂർ മണ്ഡലത്തിന്റെ സ്വീകരണ കേന്ദ്രമായ ചാവക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനടുത്ത ഗ്രൗണ്ടിലെത്തും. നാലിനാണ് പരിപാടി. തുടർന്ന്, ചേറ്റുവ, വാടാനപ്പള്ളി, കാഞ്ഞാണി വഴി തൃശൂരിലെത്തും. വൈകീട്ട് അഞ്ചിന് തേക്കിൻകാട് മൈതാനിയിൽ തൃശൂർ, ഒല്ലൂർ മണ്ഡലങ്ങൾ സംയുക്തമായി സ്വീകരണം നൽകും. രാമനിലയത്തിലാണ് രാത്രി വിശ്രമം.
ഞായറാഴ്ച മണലൂർ, നാട്ടിക, കയ്പമംഗലം, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട നിയോജക മണ്ഡലങ്ങളിലാണ് സ്വീകരണം. തിങ്കളാഴ്ച പുതുക്കാട്, ചാലക്കുടി മണ്ഡലങ്ങളിലും പര്യടനം നടത്തി എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും. റെഡ് വളന്റിയർമാർ ഗാർഡ് ഓഫ് ഓണറോടെയാണ് ജാഥ ക്യാപ്റ്റനെ വരവേൽക്കുന്നത്. വളന്റിയർ ബാന്റ്, കലാപരിപാടികൾ, കലാരൂപങ്ങൾ എന്നിവയുമുണ്ടാകും. മുൻ എം.പി പി.കെ. ബിജു മാനേജരായ ജാഥയിൽ സി.എസ്. സുജാത, എം. സ്വരാജ്, കെ.ടി. ജലീൽ, ജെയ്ക്ക് സി. തോമസ് എന്നിവരാണ് സ്ഥിരാംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

