മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsവിജേഷ്
ഇരിങ്ങാലക്കുട: മാപ്രാണം ജങ്ഷനിലെ ധനകാര്യ സ്ഥാപനത്തിൽ 13 പവൻ വരുന്ന 12 മുക്കുപണ്ട വളകൾ പണയപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
പുത്തൂർ പൊന്നൂക്കര ലക്ഷംവീട് കോളനിയിൽ വിജേഷിനെയാണ് (30) ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നിർദേശപ്രകാരം സി.ഐ അനിഷ് കരീം, എസ്.ഐ എം.എസ്. ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 22നായിരുന്നു സംഭവം. അസ്സൽ സ്വർണത്തെ വെല്ലുന്ന വളകളിൽ ഹാൾമാർക്ക് ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ പല ധനകാര്യ സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പുകൾ നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരം വ്യാജ ആഭരണങ്ങൾ നിർമിച്ച് നൽകുന്ന വൻ മാഫിയ സംഘത്തെ പറ്റി വിവരം ലഭിച്ചതനസരിച്ച് ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ നിർദേശപ്രകാരം പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിയെ പിടികൂടിയ സംഘത്തിൽ ഉദ്യോഗസ്ഥരായ എൻ.കെ. അനിൽ കുമാർ, ഉല്ലാസ് പൂതോട്ട്, രഞ്ജിത്ത്, വിപിൻ ഗോപി, രാകേഷ് എന്നിവരും ഉണ്ടായിരുന്നു.